14 May, 2020 02:39:37 PM


മെയ് 12ന് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്നവര്‍ 14 ദിവസം ക്വാറന്‍റയിനില്‍ പ്രവേശിക്കണം



പാലക്കാട്: മെയ് 12ന് പാലക്കാട് ജില്ലയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ 14 ദിവസത്തേക്ക് ഹോം ക്വാറന്‍റയിനില്‍ പ്രവേശിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാനും ഡി.എം.ഒ കെ.പി റീത്ത നിര്‍ദ്ദേശിച്ചു.


ഡി എം ഒ യുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും നോഡല്‍ ഓഫീസര്‍മാരും, ഡി.എസ്.ഒ, ഫിസിഷ്യന്മാരും ഉള്‍പ്പെടെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്ട ര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗതിരുമാന പ്രകാരമാണ്  മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്നത്. പ്രാഥമിക സമ്പര്‍ക്ക പട്ടിക പ്രൈമറി ഹൈറിസ്‌ക് കോണ്‍ടാക്ട് പ്രൈമറി ലോറിസ്‌ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.


ചെന്നൈയില്‍ നിന്നും മെയ് ഒമ്പതിന് രാവിലെ 10 ന് വാളയാര്‍ അതിര്‍ത്തിയില്‍  വിവിധ നടപടിക്രമങ്ങള്‍ക്കായി കാത്തുനില്‍ക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ എടുത്തു പൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട  പോലീസുകാരോട് ഹോം ക്വാറന്‍റയിനില്‍ പ്രവേശിക്കാന്‍ നിലവില്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വാളയാര്‍ അതിര്‍ത്തിയില്‍ ഇദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ് നഴ്സുമാരും പ്രൈമറി ഹൈ റിസ്‌ക് കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെ ഐസോലേഷനില്‍ ആക്കിയിട്ടുണ്ട്. 14 ദിവസം നിരീക്ഷണത്തില്‍ തുടരവെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്രവപരിശോധന നടത്തും. 14 ദിവസം നിരീക്ഷണത്തിന് ശേഷം ലക്ഷണങ്ങളില്ലെങ്കിലും സ്രവപരിശോധന നടത്തും.


ആ ദിവസം പാസ് ഇല്ലാതെ എത്തുകയും  പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്ത 139 പേര്‍, മേല്‍ പറഞ്ഞ ഹൈ റിസ്‌ക്  വിഭാഗത്തിലല്ലാതെ  അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍,  മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികൾ,പൊതു ജനങ്ങള്‍ എന്നിവര്‍ ലോ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെടും. ഇതില്‍ ഉള്‍പ്പെടുന്ന മറ്റു ജില്ലയില്‍ നിന്നുള്ളവരുടെ  ലിസ്റ്റ് അതാത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തു. ഇത്രയും പേര്‍ 14 ദിവസം നിരീക്ഷണത്തില്‍ ഇരിക്കണം. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും.  അല്ലാത്തപക്ഷം ഏഴു ദിവസം നിരിക്ഷിച്ച ശേഷം സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്നും ഡി.എം.ഒ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K