14 May, 2020 10:54:33 AM


വിവാഹത്തട്ടിപ്പുവീരനെ നാലാം ഭാര്യ കുടുക്കി; അഞ്ചാം വിവാഹത്തിനൊരുങ്ങുന്നതിനിടെ



ഹരിപ്പാട്: വിവാഹത്തട്ടിപ്പു വീരനെ നാലാം ഭാര്യ കുടുക്കി. കൊല്ലം മുഖത്തല ഉമയനെല്ലൂര്‍ കിളിത്തട്ടില്‍ ഖാലിദ്കുട്ടി (50) യാണ് പിടിയിലായത്. അഞ്ചാം വിവാഹത്തിനൊരുങ്ങുന്നതിനിടെയണ് ഡ്രൈവറായ ഖാലിദ് കുട്ടിയെ നാലാം ഭാര്യ പോലീസിന്റെ സഹായത്തോടെ കുടുക്കിയത്. വസ്തു ബ്രോക്കര്‍, സ്വന്തം ബിസിനസ്, ലോറി മുതലാളി തുടങ്ങിയ പല വേഷങ്ങളിലാണ് ഇയാള്‍ വിവാഹം കഴിച്ചിരുന്നത്. ഓണ്‍ലൈന്‍ വൈവാഹിക സൈറ്റുകള്‍ വഴിയാണ് നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളുമായി ഇയാള്‍ ബന്ധമുണ്ടാക്കുന്നത്. തുടര്‍ന്ന് വിവാഹം ചെയ്ത ശേഷം ആഭരണങ്ങളും പണവും കൈക്കലാക്കി മുങ്ങും.


കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ യുവതിയുമായി ബുധനാഴ്ച വൈകീട്ട് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായി ഒരുങ്ങിവന്നപ്പോഴാണ് ഇയാള്‍ നാലാമത് വിവാഹം കഴിച്ചിരുന്ന തൃശ്ശൂര്‍ ചാവക്കാട് വടക്കേക്കാട് സ്വദേശിനി പോലീസുകാര്‍ക്കൊപ്പം സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഒന്നരവര്‍ഷം മുന്‍പാണ് ഇവരെ വിവാഹം കഴിച്ചത്. പെരിന്തല്‍മണ്ണയില്‍ ബിസിനസാണെന്നാണ് ഈ യുവതിയെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നു. മൂന്നുമാസത്തിനുശേഷം എട്ടുപവന്റെ സ്വര്‍ണാഭരണങ്ങളും 70,000 രൂപയും തട്ടിയെടുത്തശേഷം മുങ്ങി.


തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ വടക്കേക്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈകേസിലാണ് പ്രതി ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ലോറി ഉടമയാണെന്ന് പറഞ്ഞ് പറ്റിച്ചാണ് ഇയാള്‍ അഞ്ചാം വിവാഹത്തിനൊരുങ്ങിയത്. കൊട്ടിയം സ്വദേശിനിയെയാണ് ഇയാള്‍ ആദ്യം വിവാഹം കഴിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിലും വിവാഹത്തട്ടിപ്പു നടത്തി. ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞെന്നാണ് പ്രതി എല്ലായിടത്തും പറഞ്ഞിട്ടുള്ളതെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. അറസ്റ്റിലായ ഖാലിദ്കുട്ടിയെ തൃശ്ശൂര്‍ വടക്കേക്കാട് പോലീസിന് കൈമാറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K