12 May, 2020 01:57:04 PM
നഴ്സസ് ദിനത്തില്‍ നഴ്സുമാരുടെ സമരം; കണ്ണൂരില്‍ മാനേജ്മെന്റ് മുട്ട് മടക്കി
കണ്ണൂര്‍: ലോക നഴ്സസ് ദിനത്തില്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിയ സമരത്തിന് മുമ്പില്‍ ആശുപത്രി മാനേജ്മെന്റ് മുട്ടുമടക്കി. കോവിഡ് വ്യാപനത്തിനിടെ ഇന്നു രാവിലെ എട്ടോടെയാണ് സമരം ആരംഭിച്ചത്. മണിക്കൂറുകള്‍ പിന്നിടും മുമ്പേ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാവുകയായിരുന്നു . ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ സമരം ആരംഭിച്ചത്.
ആശുപത്രിയിലെ നഴ്സുമാര്‍ക്ക് മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുക, നിര്‍ബന്ധമായി ലീവ് അനുവദിക്കുന്നത് അവസാനിപ്പിക്കുക, ശമ്പളം വെട്ടികുറക്കുന്നത് അവസാനിപ്പിക്കുക, നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും ആശുപത്രിയില്‍ എത്താന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുക, എല്ലാ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക, സര്‍ക്കാര്‍ ഉത്തരവ് വരുന്നതുവരെ പഞ്ചിംഗ് സമ്പ്രദായം അവസാനിപ്പിക്കുക, താത്കാലിക ജീവനക്കാരെ പിരിച്ചുവിടാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ സമരം ആരംഭിച്ചത്.
പകല്‍ ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ ഡ്യൂട്ടി ബഹിഷ്കരിച്ചായിരുന്നു സമരം. എന്നാല്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ രാത്രി ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ ജോലി സമയം അവസാനിപ്പിക്കാതെ രോഗികളെ പരിചരിച്ചു. സമരം നടത്തുന്ന നഴ്സുമാരുമായി ആശുപത്രി മാനേജ്മെന്റ് ചര്‍ച്ച നടത്താന്‍ തയാറായി. നഴ്സുമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതായി രേഖാമൂലം മാനേജ്മെന്റ് അറിയിച്ചു. അടുത്ത ദിവസം തന്നെ നഴ്സുമാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കും. എല്ലാ ആവശ്യങ്ങളും അംഗീകരിച്ച കരാര്‍ മാനേജ്മെന്റ് ഒപ്പിട്ടതോടെ സമരം പിന്‍വലിച്ചതായി നഴ്സസ് അസോസിയേഷന് ഭാരവാഹികൾ പറഞ്ഞു