11 May, 2020 12:46:24 PM


പൂണെ ടു മാവേലിക്കര: രാപകലില്ലാതെ സ്വാതി ബൈക്കോടിച്ചത് 1300 കിലോമീറ്റര്‍



ആലപ്പുഴ: ലോക്ക് ഡൗണില്‍ പുണെയില്‍നിന്ന്  നാട്ടിലെ വീട്ടിലെത്താന്‍ യാതൊരു വഴിയും കാണാതെ വന്ന ആലപ്പുഴ സ്വദേശി യുവതി അവസാനം തെരഞ്ഞെടുത്ത വഴി ബൈക്ക് യാത്ര. സുഹൃത്തിന്‍റെ ബൈക്കും പാസും ഒപ്പിച്ച് ഒറ്റവിടൽ. 1300 കിലോ മീറ്ററുകള്‍ താണ്ടി ഒടുവില്‍ സ്വാതി നാട്ടിലെത്തി. മാവേലിക്കര സ്വദേശിനിയായ സ്വാതി ഗോപനാണ് തനിച്ച് രണ്ടുദിവസം ഉറങ്ങാതെ വണ്ടിയോടിച്ച് നാട്ടിലെത്തിയത്. നാട്ടിലെത്താൻ മറ്റ് വഴിയൊന്നും കാണാതായപ്പോള്‍ സുഹൃത്തിന്‍റെ യമഹ ആര്‍ വണ്‍ ഫൈവ് ബൈക്ക് സംഘടിപ്പിച്ചായിരുന്നു യാത്ര.


മേയ് ഏഴിന് രാത്രി ഒന്‍പതിന് പുണെയില്‍നിന്ന് യാത്ര ആരംഭിച്ചത്. എട്ടിന് രാത്രി കേരള അതിര്‍ത്തി കടന്നു. പെട്രോള്‍ പമ്പുകളില്‍ മാത്രമായിരുന്നു കുറച്ചുസമയം വിശ്രമിച്ചത്. ആഹാരമായി ബ്രെഡ് കരുതിയിരുന്നു. ചില സ്ഥലങ്ങളില്‍ നിര്‍ത്തി ബ്രെഡും വെള്ളവും കുടിച്ചു. ദീര്‍ഘദൂരയാത്രകളൊന്നും നടത്തി പരിചയമില്ലെങ്കിലും വീട്ടിലെത്തണമെന്ന ആഗ്രഹത്തില്‍ രാത്രിയിലും ഉറങ്ങാതെ വണ്ടിയോടിക്കുകയായിരുന്നെന്ന് സ്വാതി പറഞ്ഞു. ഒന്‍പതിന് രാത്രിയോടെയാണ് സ്വാതി വീട്ടിലെത്തിയത്. രാത്രിയില്‍ ബൈക്കോടിച്ച് വീട്ടില്‍ എത്തിയ സ്വാതിയെക്കണ്ട് വീട്ടുകാരും അമ്പരന്നു. ഇപ്പോള്‍ ആലപ്പുഴയില്‍ നഗരസഭയുടെ ക്വാറെന്‍റൈന്‍ കേന്ദ്രത്തിലാണ് സ്വാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K