10 May, 2020 11:05:04 AM


കോവിഡ് കെയർ സെന്‍ററിന് കെട്ടിടം ഏറ്റെടുത്തു നൽകിയില്ല; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ



ആലപ്പുഴ: കോവിഡ് കെയർ സെന്‍ററിനായി കെട്ടിടം ഏറ്റെടുത്തു നൽകാത്തതിന് വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ.
ചെങ്ങന്നൂർ വെൺമണി വില്ലേജ് ഓഫീസർ റെജീന പി നാരായണനെയാണ് ആലപ്പുഴ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ രണ്ടു പേർ മണിക്കൂറുകളോളം മുറി ലഭിക്കാത്തതിനെ തുടർന്ന് പുറത്ത് നിൽക്കേണ്ടി വന്നിരുന്നു. ഇതേതുടർന്നാണ് നടപടി.


ചെന്നെയിൽ നിന്ന് ചെങ്ങന്നൂർ എത്തിയവരെ ക്വാറന്റീനിൽ പാർപ്പിക്കാൻ നിശ്ചയിച്ച കോവിഡ് കെയർ സെന്ററായ കൊഴുവല്ലൂർ സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ് തുറക്കാത്തതിനും നിരുത്തരവാദപരമായി വിഷയം കൈകാര്യം ചെയ്തതിനുമാണ് നടപടിയെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ചെങ്ങന്നൂർ തഹസിൽദാർ എസ്. മോഹനൻ പിള്ളയെ സ്ഥലം മാറ്റുകയും ചെയ്തു. കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാർ ആയാണ് മോഹനൻപിള്ളയെ സ്ഥലം മാറ്റിയത്. നിലവിലെ കാർത്തികപ്പള്ളി ഭൂരേഖ തഹസിൽദാർ എം ബിജുകുമാറിനെ ചെങ്ങന്നൂർ തഹസിൽദാരായി നിയമിക്കുകയും ചെയ്തു.


ക്വാറന്റെീനിൽ താമസിപ്പിക്കുന്ന കോവിഡ് കെയർ സെൻററുകളുടെ താക്കോൽ അതത് വില്ലേജ് ഓഫീസർമാർ വാങ്ങി സൂക്ഷിക്കണം എന്ന് നേരത്തെ തന്നെ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിരുന്നു. കോവിഡ് കെയർ സെൻറർ തുറക്കാത്തതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് തുറന്നുകൊടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K