08 May, 2020 01:20:34 PM
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാളയാര്‍ ചെക്ക് പോസ്റ്റ് വഴി എത്തിയത് 9586 പേര്‍
പാസ് അനുവദിച്ചത് 5183 വാഹനങ്ങള്‍ക്ക്
പാലക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലെത്തിയത് 9586 പേര്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 3665 വാഹനങ്ങളിലായാണ് ഇവര്‍ എത്തിയത്. മെയ് രണ്ടിന് രജിസ്ട്രേഷന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ നോര്‍ക്ക റൂട്ട്‌സ്, കോവിഡ് ജാഗ്രത വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിച്ചവരില്‍ 5183 വാഹനങ്ങള്‍ക്കാണ് പാലക്കാട് ജില്ലാ കലക്ടര്‍ യാത്ര പാസ്സ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 3665 വാഹനങ്ങള്‍ കേരളത്തിലെത്തി. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവില്‍ യാത്രാ പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ നഗരങ്ങളില്‍ ജോലി, പഠനം, വിനോദം, തീര്‍ത്ഥാടനം എന്നീ ആവശ്യങ്ങള്‍ക്കായി പോയവരാണ് കേരളത്തിലേക്ക് എത്തുന്നവരില്‍ ഭൂരിപക്ഷവും. മെയ് അഞ്ചിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നുപേരെ ജില്ലാശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ സാമ്പിള്‍ പരിശോധിച്ച് നെഗറ്റീവ് ആയതായി സ്ഥീരീകരിച്ചിട്ടുണ്ട്. മെയ് ആറിനും ഏഴിനുമായി റെഡ് സോണ്‍ മേഖലയായ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ 295 പേരെയും കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് (മെയ് എട്ട്) രാവിലെ 10.30 ന് എത്തിയ 26 പേരെയും കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
www.covid19jagratha.kerala.
ചെക്ക്‌പോസ്റ്റില്‍ കര്‍ശന പരിശോധന
രോഗവ്യാപന സാധ്യത തടയാന്‍ റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ യാത്ര രേഖകളും ശരീര താപനിലയും പരിശോധിച്ചശേഷം കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലെന്നു ഉറപ്പുവരുത്തിയ ശേഷമാണ് അതത് ജില്ലകളിലേക്ക് അയക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും റെഡ് സോണില്‍ നിന്ന് വന്നവരെയും കോവിഡ് കെയര്‍ സെന്ററുകളിലേക്കും മറ്റുള്ളവരെ ഹോം ക്വാറന്റൈനില്‍ വിടുകയുമാണ് ചെയ്യുന്നത്.
14 കൗണ്ടറുകള്‍, വിശ്രമിക്കാനുള്ള സൗകര്യവും
കേരളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ യാത്ര പാസ്സും മറ്റു രേഖകളും പരിശോധിക്കുന്നതിനായി 14 കൗണ്ടറുകളാണ് ചെക്‌പോസ്റ്റില്‍ ക്രമീകരിച്ചിട്ടുള്ളത്. വിശ്രമിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലകളിലും എത്തുന്നവര്‍ അതത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.