21 April, 2016 08:09:02 PM


തലശ്ശേരി കടല്‍പാലം മരണങ്ങളുടെ 'ബര്‍മുഡാ ട്രയാങ്കിളാ'യി മാറുന്നു



കണ്ണൂര്‍ : തലശേരിയിലെ പുരാതനമായ കടല്‍പ്പാലം ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും കേന്ദ്രമായി മാറി. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെയും അനാശാസ്യ പ്രവര്‍ത്തകരുടെയും താവളമാണ്ിപ്പോള്‍ കടല്‍പ്പാലം. ആത്മഹത്യകളും കൊലപാതകങ്ങളുമുള്‍പ്പെടെ ഒരു വര്‍ഷത്തിനിടെ പത്തോളം യുവാക്കളാണ് തലശേരി കടല്‍പ്പാലത്തില്‍ നിന്ന്‌ കടലില്‍ വീണ്‌ മരിച്ചത്. മരണങ്ങളുടെ ദുരൂഹത നീക്കാന്‍ ഇതുവരെ പോലീസിനായിട്ടുമില്ല.


മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്നവര്‍ പലരും സുഹൃത്തുക്കളാണെങ്കിലും ലഹരിയുടെ അബോധാവസ്‌ഥയില്‍ ഇവരുടെ സ്വഭാവം മാറും. പിന്നീട്‌ വാക്കേറ്റവും കയ്യാങ്കളിയും ഒടുവില്‍ കടലിലേക്ക്‌ തള്ളി ഇടുന്നതില്‍ വരെ എത്തിച്ചേരും. പട്രോളിങിന്റെ ഭാഗമായി പോലീസ്‌ ചില സമയങ്ങളില്‍ ഇവിടെയെത്തും. പോലീസ്‌ ജീപ്പ്‌ കാണുമ്പോള്‍ മാറി നിന്ന ശേഷം വീണ്ടും ഇവര്‍ തമ്പടിക്കും.


കടല്‍പ്പാലത്തിന്റെ പരിസരത്ത്‌ തെരുവു വിളക്കുകളും കുറവാണ്‌. മുമ്പ്‌ കടല്‍പ്പാലത്തിലേക്ക്‌ ആളുകള്‍ കടക്കാതിരിക്കാന്‍ മതില്‍ കെട്ടി ഇരുന്നുവെങ്കിലും മതില്‍ പൊളിച്ച്‌ പിന്നീട്‌ ആളുകള്‍ കയറാന്‍ തുടങ്ങി. തലശേരി നഗരത്തില്‍ ടൂറിസം വികസനത്തിന്റെ പേരില്‍ കോടിക്കണക്കിന്‌ രൂപയാണ്‌ ഇതിനകം ചെലവഴിച്ചത്‌. എന്നാല്‍ കടല്‍പ്പാലം ശാസ്‌ത്രീയമായി പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ഇനിയും ബാക്കി. എം.പി. ഫണ്ടും എം.എല്‍.എ ഫണ്ടുമൊക്കെയായി കോടിക്കണക്കിന്‌ രൂപ സര്‍ക്കാര്‍ വര്‍ഷാവര്‍ഷം അനുവദിക്കുന്നുണ്ടെങ്കിലും കടല്‍പ്പാലത്തിന്റെ സംരക്ഷണം ഇന്നും വെറും വാഗ്‌ദാനമായി കിടക്കുന്നു.


ആധുനിക കാലത്തെ കാലാവസ്‌ഥ വ്യതിയാനങ്ങളില്‍ നിന്ന്‌ മനസ്സും ശരീരവും ഉന്മേഷഭരിതമാക്കാന്‍ ഇവിടുത്തെ അന്തരീക്ഷം സഹായിക്കും. കടല്‍പ്പാലം പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ പുതിയ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ജനപക്ഷം. എന്നാല്‍ നഗരസഭക്ക്‌ ഇതുവരെ ഇത്തരമൊരു പുതിയ പ്രോജക്‌ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ കടല്‍പ്പാലം വൈകാതെ മരണങ്ങളുടെ ബര്‍മുഡാ ട്രയാങ്കിളായി മാറുക തന്നെ ചെയ്യും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K