06 May, 2020 03:02:23 PM
സ്പിരിറ്റ് 'തവിടുപൊടി'യായി: എക്സൈസിനെ വെട്ടിച്ച് കടന്ന സ്പിരിറ്റ് ലോറിയിൽ തവിട്
പാലക്കാട്: എക്സൈസിനെയും പോലീസിനെയും വെട്ടിച്ച് പാലിയേക്കര ടോൾ പ്ലാസയിലെ ബാരിയർ ഇടിച്ചുതകർത്ത് 'സ്പിരിറ്റു'മായി പാഞ്ഞ മിനിലോറിയിൽ തവിട്! സ്പിരിറ്റ് കടത്തുന്നതായി സംശയിച്ച് പോലീസും എക്സൈസും പിന്തുടർന്ന വാഹനത്തിൽ തവിടാണ് ഉണ്ടായിരുന്നെന്നാണ് ഉദ്യോഗസ്ഥർ. പോലീസ് പിടിച്ചെടുത്തെന്ന് പറയുന്ന വാഹനം ഇപ്പോൾ ചിറ്റൂർ സർക്കിൾ ഓഫീസിലാണുള്ളത്. വാഹനത്തിന്റെ ഡ്രൈവറെന്ന് പറയുന്ന ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലോറിയിൽ തവിടിനൊപ്പം ഒരു ചാക്ക് പാൻമസാലയും ഉണ്ടായിരുന്നു അതിനാലാണ് പോലീസിനെ വെട്ടിച്ച് കടന്നതെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ ചാലക്കുടിയിൽനിന്നും പാലക്കാട് വരെ 100 കിലോമീറ്ററോളം പോലീസിനെയും എക്സൈസിനെയും വെട്ടിച്ച് കടന്നത് പാൻമസാല ഉണ്ടായിരുന്നതു കൊണ്ടാണോ എന്ന് സംശയം ഉയർന്നിട്ടുണ്ട്. സ്പിരിറ്റ് ലോറി കടന്നു കളഞ്ഞതായാണ് നേരത്തെ എക്സൈസ് സംഘം അറിയിച്ചിരുന്നത്.
ചൊവ്വാഴ്ച പുലർച്ചെയാണ് ചാലക്കുടിയിൽവച്ച് എക്സൈസ് സംഘത്തെ വെട്ടിച്ച് ലോറി കടന്ന് കളഞ്ഞത്. സ്പിരിറ്റുമായി ലോറി എത്തുന്നെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം റോഡിൽ പരിശോധന നടത്തിയത്. പരിശോധന നടത്താൻ അടുത്തെത്തിയപ്പോൾ ലോറി അമിത വേഗതയിൽ ഓടിച്ചുപോകുകയായിരുന്നു. ഇതോടെ അങ്കമാലി എക്സൈസ് റേഞ്ച് വിഭാഗം ഇവരെ പിന്തുടർന്നു. പട്ടിക്കാട്ടും വാണിയംപാറയിലും പോലീസ് കൈകാണി ച്ചിട്ടും നിർത്താതെപോയ ലോറി, വടക്കാഞ്ചേരിയിൽ കാത്തുനിന്ന എക്സൈസിനെയും വെട്ടിച്ചുകടക്കുകയായിരുന്നു.
പേരാമ്പ്രയിൽ സ്വകാര്യ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ സ്പിരിറ്റ് ലോറി പാർക്ക് ചെയ്തതായുള്ള വിവരത്തെതുടർന്നാണ് എക്സൈസ് എത്തിയത്. സ്ഥ ലത്തെത്തിയ എക്സൈസ് സംഘത്തെ മറികടന്നു ലോറി ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്കു കുതിച്ചു. എക്സൈസ് വാഹനം കിലോമീറ്ററുകളോളം ലോറിയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പുലർച്ചെ 3.50നാണ് ലോറി പാലിയേക്കര ടോൾപ്ലാസയിലൂടെ പാഞ്ഞുപോയത്. വാഹനം അതിവേഗത്തിൽ ബൂം ബാരിയർ ഇടിച്ചുതെറിപ്പിച്ചാണ് കടന്നത്.
എക്സൈസ് സംഘം അറിയിച്ചതിനെതുടർന്ന് പട്ടിക്കാടുവച്ച് എട്ടുപേരടങ്ങുന്ന പോലീസ് സംഘം ലോറി തടയാൻ ശ്രമിച്ചെങ്കിലും ഇവരെ മറികടന്ന് വാഹനം മുന്നോട്ടു കുതിക്കുകയായിരുന്നു. കുതിരാൻ കടന്നു വാണിയംപാറയിൽ ജില്ലാ അതിർത്തിയിലുള്ള പോലീസുകാരും വാഹനം തടയാൻ ശ്രമം നടത്തിയിരുന്നു. പിന്നീട് മംഗലം ഡാം ഭാഗത്തേക്കുള്ള വഴിയിലേക്കു തിരിഞ്ഞ വാഹനത്തെ എക്സൈസ് പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിൽ ലോറിയുടെ നമ്പർ വ്യാജമാണെന്നു തെളിഞ്ഞു. ടോൾ പ്ലാസയിൽ പ്രശ്നമുണ്ടാക്കിയശേഷം 35 കിലോമീറ്ററോളം ദേശീയപാതയിലൂടെ ഓടിയ ശേഷമാണു വാഹനം കാണാതായത്