06 May, 2020 11:49:45 AM
ദേവികുളത്തിന് സമീപം കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഏലം കർഷകൻ മരിച്ചു
ദേവികുളം: പെരിയകനാൽ ബിയൽറാമിനു സമീപം കുളത്താപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഏലം കർഷകൻ മരിച്ചു. തമിഴ്നാട് തേവാരം മീനാക്ഷിപുരം സ്വദേശി മുരുകൻ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ
ബിയൽറാമിലെ കടയിലെത്തി സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
പ്രധാന റോഡിൽ നിന്നും 3 കി.മീറ്ററോളം ഉള്ളിലാണ് ഇയാളുടെ ഏലത്തോട്ടം. പൂർണമായും ഏലത്തോട്ടമായതിനാൽ ഈ മേഖലയാകെ വിജനമാണ്. ഈ ഭാഗത്ത് വച്ചായിരുന്നു പോത്തിന്റെ ആക്രമണം. കടയിൽ നിന്നു വാങ്ങിയ സാധനങ്ങൾ ഇവിടെ ചിന്നിച്ചിതറിക്കിടപ്പുണ്ട്. സംഭവം നടന്നതിന്ന് 10 മീറ്ററോളം അകലെയാണ് മൃതദേഹം കിടന്നിരുന്നത്.ഇന്നലെ രാവിലെ ഏലത്തോട്ടത്തിൽ പണിയ്ക്കും യെത്തിയ തൊഴിലാളികളാണ് ജഡം കണ്ടത്.ഭാര്യ മുരുകേശ്വരിയും, മകളും മീനാക്ഷിപുരത്താണ്.