04 May, 2020 12:08:03 PM
നാട്ടിലെത്തിയാൽ കേരള മുഖ്യമന്ത്രിയെ പുകഴ്ത്തിപ്പറയണം; ലോക്ഡൗൺ ലംഘിച്ച് യോഗം
കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികളെ യാത്രയാക്കാൻ സാമൂഹിക അകലം പാലിക്കാതെ കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ നടന്ന യോഗം വിവാദമാകുന്നു. പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് 70ലേറെ പേരുടെ യോഗം സാമൂഹിക അകലം പാലിക്കാതെ നടത്തിയത്. കേരള സർക്കാറിനെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി മലയാളത്തിലും ഹിന്ദിയിലും തൊഴിലാളികളോട് അധികൃതർ സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.
നാട്ടിലെത്തിയാൽ കേരള സർക്കാറിനെക്കുറിച്ച് പറയണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഇത് ഏറ്റുപറയാൻ തൊഴിലാളികളോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. 'ഈ ട്രെയിൻ സജ്ജമാക്കി തന്നത് കേരള മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിന്‍റെ ഭാഗമായാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ പേരറിയാമോ?.... നാട്ടിൽ പോയാൽ കേരളത്തിലെ കാര്യങ്ങളെല്ലാം നിങ്ങൾ പറയണം....' -എന്നിങ്ങനെയാണ് തൊഴിലാളികള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍.
അതേസമയം, യാത്രയുടെ കാര്യങ്ങൾ വിശദീകരിക്കാനാണ് തൊഴിലാളികളെ ഒരുമിച്ച് കൂട്ടിയതെന്ന നിലപാടിലാണ് അധികൃതർ.