21 April, 2016 11:51:33 AM


യുഡിഎഫ് പ്രകടനപത്രിക വായിച്ചപ്പോൾ ചിരിയാണ് വന്നതെന്ന് വിഎസ്


കണ്ണൂർ: യുഡിഎഫ് പ്രകടനപത്രിക വായിച്ചപ്പോൾ ചിരിയാണ് വന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും തുടരുന്ന സമീപനവും നോക്കിയാൽ പ്രകടന പത്രികയിലെ പ്രഖ്യാപനം സാക്ഷാത്കരിക്കാൻ എങ്ങനെയാണ് കഴിയുക. കേരളത്തിലെ മുഴുവൻ വോട്ടർമാർ ഇക്കാര്യം ചിന്തിച്ചാൽ ചിരിച്ച് മണ്ണുകപ്പും. അത്രയേറെ പരസ്പര വിരുദ്ധമായ മുദ്രാവാക്യമാണ് യുഡിഎഫ് സ്വീകരിച്ചതെന്നും വിഎസ് പറഞ്ഞു. 

ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന പിണറായി വിജയന്‍റെ തെര്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. വിവാദ വിഷയങ്ങളിൽ തൊടാതെയായിരുന്നു വി.എസ്.അച്യുതാനന്ദന്റെ പ്രസംഗം. പിണറായി വിജയന് ഏറ്റവും വലിയ ഭൂരിപക്ഷം നൽകണമെന്നു ആവശ്യപ്പെട്ട് പ്രസംഗം തുടങ്ങിയ വിഎസ് പിന്നീട് കടന്നത് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമെതിരായ അഴിമതി ആരോപണങ്ങൾക്കു നേരെ‌.

പി.കെ. ജയലക്ഷ്മി ഒഴികെ എല്ലാ മന്ത്രിമാരും അഴിമതിക്കാരാണ്. മന്ത്രിമാർക്കെതിരെ 136 കേസുകളും മുഖ്യമന്ത്രിക്കെതിരെ മാത്രം 36 കേസുകളുമുണ്ടെന്നും വിഎസ് ചൂണ്ടികാട്ടി. അഴിമതിക്കാരായ മന്ത്രിമാരുടെ പേരും കേസുകളുടെ എണ്ണവും പറഞ്ഞ വിഎസിനെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രനുവേണ്ടിയും വിഎസ് വോട്ടഭ്യർഥിച്ചു. 

ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും വിഎസ് ഓർമിപ്പിച്ചു. പ്രകടന പത്രികയില്‍ വിലക്കയറ്റത്തെ സംബന്ധിച്ചാണ് ആദ്യം പറയുന്നത്. പൊതുവിതരണ സംമ്പ്രദായം ഏർപ്പെടുത്തി വിലക്കയറ്റത്തിൽ നിന്നു ജനങ്ങളെ രക്ഷിക്കുന്ന പാരമ്പര്യമാണ് ഇടതുമുന്നണി അധികാരത്തിൽ എത്തിയപ്പോഴൊക്കെ സ്വീകരിച്ചിരുന്നത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K