02 May, 2020 11:55:30 AM


ലോക്ക് ഡൗൺ ലംഘനം: ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസ്



ഇടുക്കി: ലോക്ക് ഡൌൺ ലംഘിച്ചതിന് ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസെടുത്തു. ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ ഡീൻ നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു ഡീൻ കുര്യാക്കോസിന്റെ ഉപവാസസമരം നടന്നത്.


അതേസമയം, ഇടത് സർക്കാർ രാഷ്ട്രീയവിദ്വേഷം തീർത്തതാണെന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു. മുഖ്യമന്ത്രി തന്റെ ഉപവാസത്തെ അപഹസിച്ചപ്പോൾ തന്നെ സന്ദേശം വ്യക്തമായിരുന്നെന്നും ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ് താൻ സമരം നടത്തിയതെന്നും ഡീൻ പറഞ്ഞു. എപിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് കേസ് എടുത്തത്.



ഇടുക്കിയോട് സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കുക, കോവിഡ് സ്രവ പരിശോധനയ്ക്ക് ഇടുക്കിയിൽ പി സി ആർ ലാബ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡീൻ കുര്യാക്കോസ് ഉപവാസ സമരം നടത്തിയത്. സമരത്തിൽ പങ്കെടുത്ത ഇടുക്കി ഡി സി സി പ്രസിഡന്റ്, ഡി സി സി സെക്രട്ടറിമാർ എന്നിവരും കേസിൽ പ്രതികളാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K