30 April, 2020 11:01:14 PM
പാലക്കാട് അഞ്ച് രോഗികള്‍ ആശുപത്രി വിട്ടു; 3158 പേര്‍ നിരീക്ഷണത്തില്‍
പാലക്കാട്: ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ട സാഹചര്യത്തില്‍ നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിലവില്‍ 3100 പേര്‍ വീടുകളിലും 50 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, 5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3158 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പരിശോധനക്കായി ഇതുവരെ അയച്ച 2372 സാമ്പിളുകളില്‍ ഫലം വന്ന 2159 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ എപ്രില്‍ 30നുമായി രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. ആകെ 29760 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 26602 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 4597 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.