28 April, 2020 04:41:17 PM
ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച ആലത്തൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
പാലക്കാട്: ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആലത്തൂര്‍ സ്വദേശിയുടെ വീടും പരിസരവും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അണുവിമുക്തമാക്കി. പ്രദേശത്തെ വഴികള്‍, അടുത്തുള്ള കടകള്‍, ബാര്‍ബര്‍ ഷോപ്പ്, റേഷന്‍ കട, തുടങ്ങിയ സ്ഥലങ്ങളും അണുവിമുക്തമാക്കിയതായി ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.ജി. ഗംഗാധരന്‍ അറിയിച്ചു.
സോഡിയം ഹൈപ്പോക്ലോറൈറ്റ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ആന്‍റി വൈറസ് സൊല്യൂഷന്‍ തയ്യാറാക്കി അഞ്ച് മെഷീനുകള്‍ ഉപയോഗിച്ചാണ് അണുനശീകരണം നടത്തിയത്. ആലത്തൂര്‍ പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണുനശീകരണത്തിന് നേതൃത്വം നല്‍കി. ഇതൊടൊപ്പം ആലത്തൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു.
മാര്‍ച്ച് 25 - ഇടുക്കിയില്‍ നിന്നും രാത്രി 10.30 ന് രണ്ട് സുഹൃത്തുക്കളോടൊപ്പം കമ്പനി വാഹനത്തില്‍ പുറപ്പെട്ട് പുലര്‍ച്ചെ 5.30 ന് പാലക്കാട് ആലത്തൂരെത്തി. പുതുനഗരം ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കുകയും ഏപ്രില്‍ 11 വരെ വീട്ടില്‍ തുടരുകയും ചെയ്തു.
ഏപ്രില്‍ 11 - രാവിലെ എട്ടിന് സുഹൃത്തിനോടൊപ്പം നടന്ന് ആലത്തൂരിലെ കൃഷ്ണ പലചരക്ക് കടയിലെത്തി. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പച്ചക്കറി കടയും മുബാറക്ക് ടി.വി ഷോപ്പിന് എതിര്‍വശത്തെ ചിക്കന്‍ സ്റ്റോറും സന്ദര്‍ശിച്ച ശേഷം സ്വാതി ജങ്ഷന്‍ വരെ നടന്ന് ഒരു ഓട്ടോയില്‍ വീട്ടിലേക്ക് തിരിച്ചു.
ഏപ്രില്‍ 12, 13 - വീട്ടില്‍ തുടര്‍ന്നു.
ഏപ്രില്‍ 14 - ഉച്ചയ്ക്ക് 12 മണിക്ക് ഒരു സുഹൃത്തിനൊപ്പം ആലത്തൂരിലെ സൂര്യപ്പന്‍കുളത്ത് അര മണിക്കൂര്‍ ചെലവഴിച്ചു.
ഏപ്രില്‍ 15 - വീട്ടില്‍ തുടര്‍ന്നു.
ഏപ്രില്‍ 16 - വൈകീട്ട് 5.30 ന് മൂന്ന് സുഹൃത്തുക്കളോടൊപ്പം സൂര്യപ്പന്‍കുളത്ത് ചെലവഴിച്ചു.
ഏപ്രില്‍ 17 മുതല്‍ 19 - വീട്ടില്‍ തുടര്‍ന്നു.
ഏപ്രില്‍ 20 - രാവിലെ 9.30 ന് കമ്പനി വാഹനത്തില്‍ നാല് സുഹൃത്തുക്കളോടൊപ്പം ഇടുക്കിയിലേക്ക് തിരിച്ചു. യാത്രയ്ക്കിടെ വാണിയംമ്പാറയില്‍ രണ്ട് സുഹൃത്തുക്കള്‍ ഇറങ്ങി മറ്റൊരു വാഹനത്തില്‍ ഇടുക്കിയിലേക്ക് തിരിച്ചു.
ഹോമിയോ രോഗ പ്രതിരോധ ശേഷി മരുന്ന് എത്തിക്കും
ആലത്തൂരിലെ 'നന്മ' സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയിലൂടെ നിയോജക മണ്ഡലത്തിലെ രണ്ട് ലക്ഷം ജനങ്ങള്‍ക്ക് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഹോമിയോ മരുന്ന് എത്തിക്കും. ഏഴ് പഞ്ചായത്തുകളിലായി 'നന്മ വി സെര്‍വ്വ്' പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ വോളന്റിയര്‍മാരും നന്മ ഹെല്‍ത്ത് ആര്‍മി അംഗങ്ങളും ആശ പ്രവര്‍ത്തകരും സന്നദ്ധ സേന പ്രവര്‍ത്തകരും ചേര്‍ന്നാണ് വീടുകളില്‍ മരുന്നെത്തിക്കുക. മൂന്നു ദിവസം രാവിലെ ആഹാരത്തിനു ശേഷം ഒരു ഗുളിക എന്ന നിരക്കിലായിരിക്കും വിതരണം. ഹോമിയോ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൈമാറിയ മരുന്ന് 'നന്മ' വി സെര്‍വ്വ് വോളന്റിയര്‍മാര്‍ക്ക് കെ.ഡി പ്രസേനന്‍ എം.എല്‍.എ വിതരണം ചെയ്തു.