28 April, 2020 01:00:36 PM
ഇ.എസ്. ബിജിമോൾ നിരീക്ഷണത്തിലെന്ന് മന്ത്രി; അല്ലെന്ന് എഎല്‍എ
പീരുമേട്: ഇടുക്കി ജില്ലയിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ പീരുമേട് എംഎൽഎ ഇ.എസ്. ബിജിമോളും നിരീക്ഷണത്തിലെന്നു മന്ത്രി എം.എം. മണി. എന്നാലിത് തെറ്റായ പ്രചരണമെന്ന് ബിജിമോള്‍. ഇടുക്കി ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ബിജിമോൾ എംഎൽഎ നിരീക്ഷണത്തിലാണെന്ന് മന്ത്രി എം.എം. മണി മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ വാര്‍ത്ത പരന്നതോടെ താന്‍ ക്വാറന്റയിനിലല്ലെന്ന് വ്യക്തമാക്കിയുള്ള വീഡിയോയുമായി ബിജിമോള്‍ രംഗത്തെത്തി. നിലവിലെ സാഹചര്യത്തിൽ താന്‍ ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമില്ലെന്നും രോഗികളുമായി പ്രാഥമികസമ്പര്‍ക്കം തനിക്ക് ഉണ്ടായിട്ടില്ലെന്നും ഫേസ്ബുുക്ക് ലൈവിലൂടെ ബിജിമോള്‍ അറിയിച്ചു.
അതേസമയം, ജില്ലയിൽ ഇനി വരാനുള്ളത് മുന്നൂറിലധികം പരിശോധനാ ഫലങ്ങളാണെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശ് അറിയിച്ചു. സമ്പർക്കത്തിൽ വന്ന മുഴുവൻ പേരെയും നിരീക്ഷണത്തിലാക്കുമെന്നും നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിൽ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരാളുടെ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.