27 April, 2020 10:57:59 PM
ഗുരുതരവീഴ്ച്ച ഇടുക്കിയിലും; രോഗിയെ പരിശോധിച്ച ഡോക്ടര്‍ ക്വാറന്‍റയിനില്‍ പ്രവേശിച്ചില്ല
ഏലപ്പാറ: ഇതര സംസ്ഥാനത്ത് നിന്നെത്തിയ യുവാവിൽ നിന്നാണ് മൂന്നു പേരിലേക്ക് രോഗം പകർന്നത്. യുവാവിന്‍റെ അമ്മയ്ക്കും അമ്മയെ ചികിത്സിച്ച ഡോക്‌ടർക്കും ഇവരൊടൊപ്പമുണ്ടായിരുന്ന ആശാ വർക്കർക്കുമാണ് രോഗം കണ്ടെത്തിയത്. ഇതര സംസ്ഥാനത്തു നിന്നും എത്തിയ യുവാവ് തനിക്ക് രോഗം ബാധിച്ചിട്ടുണ്ടോയെന്ന സംശയം പ്രകടിപ്പിച്ചെങ്കിലും ആവശ്യത്തിനുള്ള മുൻ കരുതൽ ആദ്യ ഘട്ടത്തിൽ സ്വീകരിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങളും വ്യക്തമാക്കുന്നു.
ചികിത്സിച്ചവർക്ക് രോഗം കണ്ടെത്തിയിട്ടും സി.എച്ച്.സിയിലെ ഡോക്ടർ ക്വാറന്‍റൈനിൽ പ്രവേശിക്കാതെ ജോലിയിൽ തുടർന്നതും സമാനമായ അനാസ്ഥയാണ്. ഇതിനിടെ ആശാ വർക്കറും ഡോക്‌ടറും ഒട്ടേറെ പരിപാടികളിലും പങ്കെടുത്തു. സ്വകാര്യ ചാനലിനു അഭിമുഖം നൽകിയതായും വിവരമുണ്ട്. കോവിഡ് കണ്ടെത്തുന്നതിന്‍റെ അന്ന് വരെ ഡോക്‌ടർ ആശുപത്രിയിൽ എത്തിയത് ആരോഗ്യ വകുപ്പിനു തന്നെ സംഭവിച്ച വീഴ്ച്ചയായിട്ടാണ് വിലയിരുത്തുന്നത്.
പീരുമേട് താലുക്കിലെ വിവിധ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർ ഡോക്‌ടറുമായി അടുത്തിടപഴകിയിട്ടുണ്ട്. ഇവരെ കണ്ടെത്തി സ്രവം ശേഖരിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ഏലപ്പാറ നഗരത്തിലെ അസാധാരണ തിരക്കും സുരക്ഷാ വീഴ്ച്ചയായി. ഗ്രീൻ സോൺ പ്രഖ്യാപനത്തിനു പിന്നാലെ ജില്ലയിൽ നിയന്ത്രണങ്ങൾ നീക്കം ചെയ്‌തതാണ് സ്ഥിതിഗതികൾ വഷളാക്കിയത്