27 April, 2020 08:10:02 PM
പാലക്കാട് ജില്ലയില്‍ ആറ് കോവിഡ് രോഗികള്‍; 3408 പേര്‍ നിരീക്ഷണത്തില്‍
പാലക്കാട്: നിലവില്‍ ആറ് കോവിഡ് രോഗികള്‍; ആശുപത്രി വിട്ടവരുടെ ആരോഗ്യനില തൃപ്തികരം പാലക്കാട് ജില്ലയില്‍ മലപ്പുറം സ്വദേശി ഉള്‍പ്പെടെ നിലവില്‍ ആറുപേരാണ് ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗികളായി ചികിത്സയിലുള്ളത്. രോഗമുക്തി നേടിയ ഏഴു പേരില്‍ നാലുപേരുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ആര്‍ക്കും നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. സാമ്പിള്‍ പരിശോധനകള്‍ നടന്നുവരികയാണ്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശി, ഏപ്രില്‍ 21 ന് രോഗം സ്ഥിരീകരിച്ച കഞ്ചിക്കോട് ജോലി ചെയ്യുന്ന യു.പി, കാവില്‍പാട്, കുഴല്‍മന്ദം, വിളയൂര്‍, മലപ്പുറം സ്വദേശികളുമാണ് നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. സാമ്പിള്‍ പരിശോധനയില്‍ തുടര്‍ച്ചയായി രണ്ടുതവണ നെഗറ്റീവ് ഫലം വന്നാല്‍ മാത്രമേ ആശുപത്രി വിടാന്‍ അനുവദിക്കൂ. നിലവില്‍ രോഗികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ജില്ലയില്‍ കോവിഡ് 19 രോഗവിമുക്തി നേടി ആശുപത്രി വിട്ട ഏഴുപേരില്‍ നാലുപേരുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതായും മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. സാമ്പിള്‍ പരിശോധനയില്‍ തുടര്‍ച്ചയായി രണ്ട് തവണ നെഗറ്റീവ് ഫലം വന്നതിനെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കുകയും 14 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം ഏപ്രില്‍ 11 ന് ആശുപത്രി വിട്ട ലക്കിടി വരോട്, കാരാകുറുശ്ശി, കിഴക്കഞ്ചേരി പാലക്കുഴി, ചാലിശ്ശേരി മുക്കൂട്ട സ്വദേശികളുടെ ക്വാറന്റെയിന്‍ കാലയളവ് പൂര്‍ത്തിയായി. യഥാക്രമം മാര്‍ച്ച് 24, 25, 29, ഏപ്രില്‍ ഒന്ന് തീയതികളിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 15 ന് ആശുപത്രി വിട്ട ഒറ്റപ്പാലം, കാവില്‍പ്പാട് സ്വദേശികളും ഏപ്രില്‍ 22 ന് ആശുപത്രി വിട്ട തിരുമിറ്റക്കോട് ചാത്തന്നൂര്‍ സ്വദേശിയും നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. യഥാക്രമം മാര്‍ച്ച് 28, ഏപ്രില്‍ 4, ഏപ്രില്‍ 13 തീയതികളില്‍ ആണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
3352 പേര്‍ വീടുകളിലും 48 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 4 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, 4 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3408 പേരാണ് നിരീക്ഷണത്തിലുള്ളത്. ആകെ 29359 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25951 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. പരിശോധനക്കായി ഇതുവരെ അയച്ച 1919 സാമ്പിളുകളില്‍ ഫലം വന്ന 1726 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.
രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിള്‍ പരിശോധനയില്‍ ഇതുവരെ പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടില്ല. വരോട് സ്വദേശി ആറ്, കോട്ടോപ്പാടം സ്വദേശി ഒന്ന്, കാരക്കുറിശ്ശി 76, ഒറ്റപ്പാലം സ്വദേശി എട്ട്, കിഴക്കഞ്ചേരി പാലക്കുഴി സ്വദേശി നാല്, ചാലിശ്ശേരി മുക്കൂട്ട മൂന്ന്, പുതുപ്പരിയാരം കാവില്‍പാട് നാല്, തിരുമിറ്റക്കോട് ചാത്തന്നൂര്‍ 14, യുപി സ്വദേശി 17, കുഴല്‍മന്ദം 13, പുതുപ്പരിയാരം കാവില്‍പാട് 4, വിളയൂര്‍ 35, മലപ്പുറം സ്വദേശി ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലെ സാമ്പിള്‍ പരിശോധന നടത്തിയവരുടെ കണക്കുകള്‍. മറ്റുള്ളവരുടെ പരിശോധനകള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് തിരിച്ചും ഇടവഴികളിലൂടെയും ചെറിയ നാട്ടുവഴികളിലൂടെയും അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചതാണ്. ലോക്ക് ഡൗണ്‍ നിബന്ധനങ്ങള്‍ ലംഘിച്ച് യാത്രചെയ്താല്‍ കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം രണ്ടു വര്‍ഷം തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. ഇത്തരത്തില്‍ ആരെങ്കിലും അന്തര്‍സംസ്ഥാന യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചാല്‍ അടിയന്തരമായി അധികൃതരെ അറിയിക്കേണ്ടതാണ്. കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847.