24 April, 2020 10:03:32 PM
അന്തര്‍സംസ്ഥാന യാത്രകളും ആരോഗ്യസ്ഥിതിയും: അതിര്‍ത്തി പഞ്ചായത്തുകളില്‍ സര്‍വേ
പാലക്കാട്: കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് അന്തര്‍സംസ്ഥാന യാത്രകള്‍ ഏറെ നടന്നിരിക്കാന്‍ സാധ്യതയുള്ള ജില്ലയിലെ അതിര്‍ത്തി പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സര്‍വ്വേ നടത്തിയതായി ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡി.ബാലമുരളി അറിയിച്ചു. പഞ്ചായത്ത് നിവാസികള്‍ രണ്ടു മാസത്തിനുള്ളില്‍ നടത്തിയ യാത്രകള്‍, വിവിധ പ്രായത്തിലുള്ള ആളുകളുടെ ആരോഗ്യസ്ഥിതി, രോഗസാധ്യത തുടങ്ങിയവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് സര്‍വ്വേ നടത്തിയത്.
ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പട്ടഞ്ചേരി, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, മുതലമട, പുതുശ്ശേരി, ഷോളയൂര്‍, പുതൂര്‍, എലപ്പുള്ളി എന്നീ പഞ്ചായത്തുകളിലും മുതലമടയിലെ പതിനൊന്നാം വാര്‍ഡായ പറമ്പിക്കുളത്തുമാണ് ഏപ്രില്‍ 16 മുതല്‍ സര്‍വ്വേ നടത്തിയത്. മുതലമടയിലെയും പറമ്പിക്കുളത്തെ രണ്ടു ഊരുകളിലെയും സര്‍വ്വേ പൂര്‍ത്തിയാക്കാനുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അന്തര്‍സംസ്ഥാന യാത്ര നടത്തിയവര്‍, അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, അവരുടെ യാത്ര സംബന്ധിച്ചുള്ള വിവരങ്ങള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിട്ടുള്ള തൊഴിലാളികള്‍, സ്ഥിരതാമസക്കാര്‍, ബന്ധുക്കള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുപ്രകാരം ആളുകളെ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കുകയും ഏപ്രില്‍ 22 മുതല്‍ സാമ്പിള്‍ ശേഖരണം നടത്തി വരികയും ചെയ്യുന്നുണ്ട്.
രോഗപ്രതിരോധശേഷി സംബന്ധിച്ച് അറിയുന്നതിന് 10 വയസ്സിനു താഴെയും 60 വയസ്സിന് മുകളിലുള്ള ആളുകളുടെ കണക്കുകള്‍, വിവിധ അസുഖബാധിതര്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ എന്നിവരുടെ വിവരങ്ങളും എടുത്തിട്ടുണ്ട്. ജില്ലാ ട്യൂബര്‍കുലോസിസ് ഓഫീസര്‍ എ.കെ അനിതയാണ് സര്‍വ്വേ കോര്‍ഡിനേറ്റ് ചെയ്തത്. അതാത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്‍മാര്‍,ഡോക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ സേന വളണ്ടിയര്‍മാര്‍, അംഗനവാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സര്‍വ്വെ സംഘടിപ്പിച്ചത്.
ഹോമിയോപ്പതി മരുന്നുകളുടെ വിതരണം തുടങ്ങി
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശ പ്രകാരം ഹോമിയോപ്പതിയിലൂടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ഹോമിയോപ്പതി മരുന്നുകള്‍ വിതരണം ചെയ്തു തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഹോമിയോപ്പതി മരുന്നുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ജെ. ബോബനില്‍ നിന്നും ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു.
ആലത്തൂര്‍, ചിറ്റൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഹോമിയോപ്പതി മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള എട്ട് പഞ്ചായത്തുകളിലും തുടര്‍ന്ന് മറ്റു പഞ്ചായത്തുകളിലും ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ജെ. ബോബന്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എസ്. സുനിത, റീച്ച് കണ്‍വീനര്‍ ഡോ. വിനീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.സി. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംബന്ധിച്ചു.