22 April, 2020 05:30:03 PM


പാലക്കാട് ജില്ലയില്‍ 3839 പേര്‍ നിരീക്ഷണത്തില്‍; ഒരാള്‍ കൂടി രോഗമുക്തി നേടി



പാലക്കാട്: ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട് ജില്ലയില്‍ എത്തിയ മലപ്പുറം സ്വദേശിക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ കൂടി രോഗമുക്തി നേടി ഇന്ന് ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം അഞ്ചായി. മലപ്പുറം  സ്വദേശി ഉള്‍പ്പെടെ ആറ് പേര്‍.


നിലവില്‍ 3804 പേര്‍ വീടുകളിലും 30 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍  ഒറ്റപ്പാലം താലൂക്ക്  ആശുപത്രിയിലും, 3 പേര്‍ മണ്ണാര്‍ക്കാട്  താലൂക്ക്  ആശുപത്രികളിലുമായി ആകെ 3839 പേരാണ്  നിരീക്ഷണത്തിലുള്ളത്.  ശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.


പരിശോധനക്കായി ഇതുവരെ അയച്ച 1418 സാമ്പിളുകളില്‍ ഫലം വന്ന  1347 എണ്ണം നെഗറ്റീവും 12 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഇന്നും രോഗമുക്തരായി  ആശുപത്രി വിട്ടിരുന്നു. ആകെ 28075 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 24236 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 3726 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.


അതിര്‍ത്തി കടന്നാല്‍ കര്‍ശന നടപടി


അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് തിരിച്ചും ഇടവഴികളിലൂടെയും ചെറിയ നാട്ടുവഴികളിലൂടെയും അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചതാണ്. ലോക്ക്  ഡൗണ്‍ നിബന്ധനങ്ങള്‍ ലംഘിച്ച് യാത്രചെയ്താല്‍ കേരള എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം രണ്ടു വര്‍ഷം തടവോ 10000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. ഇത്തരത്തില്‍ ആരെങ്കിലും അന്തര്‍സംസ്ഥാന യാത്ര  ചെയ്യുന്നതായി വിവരം ലഭിച്ചാല്‍ അടിയന്തരമായി അധികൃതരെ അറിയിക്കേണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K