21 April, 2020 12:34:12 PM


കളിക്കളത്തില്‍ മാത്രമല്ല, സേവനരംഗത്തും ഫുള്‍ ഫോമിലാണെന്ന് തെളിയിച്ച് താരങ്ങള്‍



കണ്ണൂര്‍: കളിക്കളത്തില്‍ മാത്രമല്ല, സേവനരംഗത്തും തങ്ങള്‍ ഫുള്‍ ഫോമിലാണെന്ന് തെളിയിക്കുകയാണ് ഈ ഫുട്‌ബോള്‍ താരങ്ങള്‍. അവശ്യസാധന വിതരണത്തിനായി ജില്ലാ പഞ്ചായത്തില്‍ ഒരുക്കിയ കോള്‍ സെന്ററിലാണ് ഫുട്‌ബോള്‍ താരങ്ങളായ എന്‍ പി പ്രദീപ്, കെ ബിനീഷ്, കെ വി ധനേഷ് എന്നിവര്‍ വളണ്ടിയര്‍മാരായി എത്തിയത്. കോള്‍ സെന്റര്‍ ആരംഭിച്ചത് മുതല്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന ഫുട്‌ബോള്‍ താരം സി കെ വിനീതും ഒപ്പമുണ്ടായിരുന്നു. 


താരങ്ങള്‍ പരസ്പരം വിശേഷങ്ങള്‍ ചോദിച്ചറിയുമ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും  അവശ്യസാധനങ്ങള്‍ക്കായുള്ള കോളുകള്‍ എത്തി തുടങ്ങി. അതോടെ എല്ലാവരും ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയുന്ന തിരക്കിലായി. വരുന്ന കോളുകളിലേറെയും മരുന്നുകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ്. ഒട്ടേറെ പേര്‍ ഈ പ്രതിസന്ധി ഘട്ടം എങ്ങനെ തരണം ചെയ്യും എന്ന അവസ്ഥയില്‍ ഇരിക്കുമ്പോള്‍ അവരെ നമ്മളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കാനാവുക എന്നത് ഏറെ സന്തോഷം പകരുന്നതാണെന്നും ഇവര്‍ പറയുന്നു. 


ദിനംപ്രതി 130 ലേറെ കോളുകളാണ് മരുന്നുകള്‍ക്ക് മാത്രമായി കോള്‍ സെന്ററില്‍ എത്തുന്നത്. കോള്‍ സെന്റര്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 5625 കോളുകളാണെത്തിയത്. ഫോണ്‍ കോളുകളെടുക്കാന്‍ 14 പേരും സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് 20 പേരുമുള്‍പ്പെടെ 34 സന്നദ്ധ പ്രവര്‍ത്തകരാണ് കോള്‍ സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട്  പി പി ദിവ്യ, ജില്ലാ പഞ്ചായത്ത്  അംഗങ്ങള്‍,  സെക്രട്ടറി വി ചന്ദ്രന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ എന്നിവരും കോള്‍ സെന്ററിന്‍റെ ഭാഗമായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K