16 April, 2020 12:58:55 AM


വ്യാജമദ്യനിര്‍മാണം: ശര്‍ക്കര വാങ്ങിക്കൂട്ടിയ പിന്നാലെ ഡ്രോണെത്തി; 3 പേര്‍ പിടിയില്‍



ആലപ്പുഴ: വ്യാജമദ്യ നിര്‍മാണത്തിനിടയില്‍ ബി.എം.എസ്‌ മുന്‍ നേതാവും സംഘവും പോലീസിന്റെ ഡ്രോണ്‍ ക്യാമറയില്‍ കുടുങ്ങി. ബി.എം.എസ്‌ മത്സ്യതൊഴിലാളി യൂണിയന്‍ മുന്‍ ജില്ലാ പ്രസിഡന്റ്‌ ആലപ്പുഴ നഗരസഭ ബീച്ച്‌ വാര്‍ഡില്‍ തൈപ്പറമ്പില്‍ കാര്‍ത്തികേയന്‍(52), ബി.എം.എസ്‌ റെയില്‍വേ സ്‌റ്റേഷന്‍ യൂണിറ്റ്‌ സെക്രട്ടറി സക്കരിയ ബസാര്‍ ശ്രീജാലയം വീട്ടില്‍ ശശികുമാര്‍(50), തിരുവമ്പാടി അരയന്‍പറമ്പില്‍ ലന്‍ജു(32) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‌ സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്ന്‌ ആലപ്പുഴ സൗത്ത്‌ പോലിസ്‌ ഇവരെ പിടികൂടുകയായിരുന്നു.


ആലപ്പുഴ സൗത്ത്‌ എസ്‌.ഐ. രതീഷ്‌ ഗോപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കടയില്‍ നിന്ന്‌ ഇവര്‍ വന്‍തോതില്‍ ശര്‍ക്കരയും മറ്റും വാങ്ങിയതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന്‌ ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ കാര്യങ്ങള്‍ വ്യക്‌തമായതോടെ പോലീസ്‌ വളയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു. ആലപ്പുഴ സബ്‌ ജയിലില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തതിനാല്‍ ആലുവ സബ്‌ ജയിലിലേക്ക്‌ മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K