13 April, 2020 01:43:01 PM
കോവിഡ് കാലത്ത് ഡോക്ടറായ ഭാര്യയ്ക്ക് വ്യത്യസ്തമായ ജന്മദിന സമ്മാനവുമായി ഭർത്താവ്
കണ്ണൂർ: കോവിഡ് അതിജീവനത്തിന്റെ കാലത്ത് ഡോക്ടറായ ഭാര്യക്ക് വ്യത്യസ്തമായ പിറന്നാൾ സമ്മാനം നൽകി കണ്ണൂർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സുധാകരൻ. തന്‍റെ ഭാര്യ ഡോ. ശ്രീമതിക്ക് ഇത്തവണ ജന്മദിനസമ്മാനമായി നൽകിയത് ഒരു ലക്ഷം രൂപ വിലവരുന്ന എന്‍95 മാസ്ക്കുകൾ. കോവിഡ് 19 ബാധിതർക്ക് വേണ്ടി ദിനരാത്രങ്ങൾ സമർപ്പണ ബോധത്തോടെ ചെലവഴിക്കുന്ന കണ്ണൂർ മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സമ്മാനം.
കണ്ണൂർ മെഡിക്കൽ കോളേജിലെ അനാറ്റമി വിഭാഗത്തിലാണ് ഡോ ശ്രീമതി ജോലി ചെയ്യുന്നത്. ഭാര്യക്ക് ഇത്തവണ വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനം നൽകണമെന്ന് ആഗ്രഹിച്ച ഡോക്ടർ സുധാകരന് അധികം ആലോചിക്കേണ്ടി വന്നില്ല. കാസർകോട് തൃക്കരിപ്പൂർ സ്വദേശികളാണ് ഡോ.സുധാകരനും ഭാര്യ ഡോ.ശ്രീമതിയും. ദീർഘകാലമായി കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ഇവർ സേവനം അനുഷ്‌ഠിച്ചു വരികയാണ്.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ എൻ റോയിക്കും മാസ്കുകൾ കൈമാറി. വൈസ് പ്രിൻസിപ്പൽ ഡോ രാജീവ് എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് കെ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ മനോജ് ഡി. കെ , എമർജൻസി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫെസ്സറും അത്യാഹിത വിഭാഗം ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ.വിമൽ റോഹൻ, എ. ആർ.എം.ഒ ഡോ മനോജ് കുമാർ, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.ബിന്ദു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.