13 April, 2020 01:33:07 PM


കോയമ്പത്തൂരിൽ മരിച്ച പാലക്കാട് സ്വദേശിക്ക് കോവിഡ് ബാധിച്ചതിൽ അവ്യക്തത



പാലക്കാട്: കോവിഡ് ബാധിച്ച് കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് സ്വദേശിക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്നതിൽ വ്യക്തതയില്ല.  മാർച്ച് 25 നാണ് നൂറണി സ്വദേശിയായ എഴുപതുകാരൻ പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.  ഇതിനു ശേഷമാണ് ഇദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്കു കൊണ്ട‌ുപോയത്. ഇദ്ദേഹത്തിന്‍റെ സഞ്ചാരപാത ആരോഗ്യവകുപ്പ് പുറത്തുവിട്ടു.
നൂറണി സ്വദേശിയായ രാജശേഖര്‍ ചെട്ടിയാര്‍ ഏപ്രിൽ പത്തിനാണ് മരിച്ചത്. പതിനെട്ടാംതീയതി വരെ കടയിലെത്തിയിരുന്ന ഇദ്ദേഹം മാര്‍ച്ച് 25നാണ് പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലില്‍ ചികിത്സ തേടിയത്. മാര്‍ച്ച് 26ന് വീട്ടില്‍ വിശ്രമിച്ചു. മാര്‍ച്ച് 27ന് വീണ്ടും പാലക്കാട് ഡയബറ്റിക് സെന്ററില്‍ ചികിത്സ തേടി. ഏപ്രില്‍ ഒന്നിന് കണ്ണുകള്‍ക്ക് വേദനയും അസ്വസ്ഥതയുമുണ്ടായി. അടുത്തദിവസം കോയമ്പത്തൂരിലെ ഗ്യാസ്‌ട്രോ കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.


അഞ്ചിന് ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ കോയമ്പത്തൂരിലെ ചെന്നൈ ആശുപത്രിയില്‍ വെന്റിലേറ്ററിലാക്കി. ഏപ്രില്‍ എട്ടിന് പനിയെ തുടര്‍ന്ന് സ്രവപരിശോധന നടത്തുകയും പിന്നീട് കോയമ്പത്തൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഒന്‍പതാംതീയതി ലഭിച്ച പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് 10ന് വീണ്ടും സ്രവം പരിശോധനയ്ക്കായി അയച്ചു. അന്നുച്ചയ്ക്കായിരുന്നു മരണം. രണ്ടാമത്തെ പരിശോധന ഫലവും പോസിറ്റീവ് ആയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K