13 April, 2020 12:34:30 AM
വാറ്റ് പരിശോധനയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കു വെട്ടേറ്റു; ദമ്പതികള്‍ അറസ്‌റ്റില്‍
ഉപ്പുതറ: ചാരായംവാറ്റ് നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നു പരിശോധനയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ വീട്ടമ്മ വെട്ടിപ്പരുക്കേല്‍പ്പിച്ചതായി കേസ്. സംഭവത്തില്‍ മേരികുളം നിരപ്പേക്കട പേഴത്തുംമൂട്ടില്‍ ജയിംസ് (46), ഭാര്യ ബിന്‍സി (42) എന്നിവരെ ഉപ്പുതറ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഉപ്പുതറ സി.ഐ എസ്.എം. റിയാസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണു പോലീസ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്. മഫ്‌തിയിലെത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. റെയ്‌ഡില്‍ വീടിനു പുറത്തുനിന്നു രണ്ട് ലിറ്റര്‍ ചാരായം കണ്ടെടുത്തു. വീടിനുള്ളിലേക്കു കടക്കാന്‍ ശ്രമിച്ച ഉദ്യോഗസ്‌ഥരെ ബിന്‍സി വാക്കത്തികൊണ്ടു വെട്ടിയെന്നാണു കേസ്.
ഈ സമയം വീടിനുള്ളിലെ ചാരായം കുളിമുറിയിലൂടെ ഒഴിച്ചു കളഞ്ഞ ജയിംസ് ഓടി രക്ഷപെടാനും ശ്രമിച്ചു. പിന്നീട് കൂടുതല്‍ പോലീസ് സ്‌ഥലത്തെത്തിയാണ് ബിന്‍സിയെയും ജെയിംസിനെയും കീഴടക്കിയത്. വെട്ടേറ്റ് ഉപ്പുതറയിലെ സിവില്‍ പോലീസ് ഓഫീസറായ തോമസ് ജോണ്‍, അനുമോന്‍ അയ്യപ്പന്‍, വി.എം ശ്രീജിത്ത് എന്നിവര്‍ക്കു പരുക്കേറ്റു.
കൈക്കു പരുക്കേറ്റ തോമസ് ജോണിനെ ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്കു ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുമോന്‍ അയ്യപ്പന്റെ കൈപ്പത്തിക്ക് താഴെയായിട്ടാണ് പരുക്കേറ്റത്. ശ്രീജിത്തിന് കൈക്ക് ചതവും ഉണ്ടായി. കട്ടപ്പനയില്‍നിന്നും വണ്ടിപ്പെരിയാറ്റില്‍നിന്നും പോലീസ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയിരുന്നു.
ഈസ്‌റ്റര്‍ ആഘോഷത്തിനായി നിര്‍മിച്ചതാണ് ചാരായം. അറസ്‌റ്റ് ചെയ്‌ത പ്രതികളെ കോടതിയില്‍ ഹാജരാക്കും. എസ്.ഐമാരായ സിബി എന്‍. തങ്കപ്പന്‍, പി.എന്‍. ദിനേശ്, തോമസ് ജോണ്‍, വി.എം. ശ്രീജിത്ത്, അനുമോന്‍ അയ്യപ്പന്‍, ടി.എം. അനീഷ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.