18 April, 2016 01:19:09 PM
പരവൂര്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടാത്തത് ആര്‍എസ്എസ്-കോണ്‍ഗ്രസ് ബന്ധം തകരാതിരിക്കാന്‍ : പിണറായി
കണ്ണൂര്‍: പരവൂര്‍ വെടിക്കെട്ട് അപകടം ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തത് ആര്‍എസ്എസ് കോണ്‍ഗ്രസ് ബന്ധം തകരാതിരിക്കാനാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു.
സംഭവത്തില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ച പ്രകടമാണ്. കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് ആഭ്യന്തര വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടുപോലും അംഗീകരിച്ചിട്ടില്ല. നിര്‍ദ്ദേശം പരിഗണിക്കാതെ ഡിജിപിയോട് വിശദീകരണം ചോദിക്കാനാണ് ആഭ്യന്തരമന്ത്രി തയ്യാറായതെന്ന് പിണറായി പറയുന്നു.
കേരളത്തിലെത്തിയ നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന ഉമ്മന്‍ ചാണ്ടി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നും സംഭവത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പരവൂര്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അടിയന്തിര സഹായമായ 10,000 രൂപ പോലും നല്‍കിയിട്ടില്ല. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കാത്ത അവസ്ഥയാണെന്നും പിണറായി പറഞ്ഞു.
ജനവിധി എല്‍ഡിഎഫിന് അനുകൂലമാകുമെന്നും ജനവിധി അനുകൂലമാക്കാന്‍ യുഡിഎഫ് ആര്‍എസ്എസ് ബന്ധത്തിനായി ശ്രമിക്കുകയാണ്. എന്നാല്‍ ആര്‍എസ്എസ്സിനെ കേരളത്തിലെ ജനത നേരത്തെ തിരസ്‌കരിച്ചതാണ്. അതുകൊണ്ടുതന്നെ ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കില്ലെന്നും ധര്‍മടം മണ്ഡലത്തിലെ പരിപാടിയില്‍ പങ്കെടുക്കവെ പിണറായി വ്യക്തമാക്കി.