06 April, 2020 01:21:30 PM
ദാരിദ്ര്യത്തിനിടയിലും മാസ്‌കുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കി നാടിന് മാതൃകയായി ഒരു കുടുംബം
അടിമാലി: കോവിഡ് 19 സാമൂഹിക പ്രതിസന്ധികള്‍ക്കും സാമ്പത്തിക ക്ലേശങ്ങള്‍ക്കിടയിലും ആയിരക്കണക്കിനു മാസ്‌കുകള്‍ നിര്‍മ്മിച്ച് സമൂഹത്തിന് മാതൃകയാവുകയാണ് ഒരു കുടുംബം. കമ്പിളികണ്ടം സ്വദേശിയായ പാസ്റ്റര്‍ ബിധുമോന്‍ ജോസഫും കുടുംബവുമാണ് മാസ്‌കുകള്‍ നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്ത് നാടിന് അഭിമാനമാകുന്നത്. പാസ്റ്റര്‍ ബിധുമോനും ഫാഷന്‍ ഡിസൈനറായ ഭാര്യ റിനിയും ചേര്‍ന്നാണ് മാസ്‌ക്കുകള്‍ തയ്യാറാക്കുന്നത്. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ഇവര്‍ നിര്‍മ്മിച്ചുനല്‍കിയത് നാലായിരത്തോളം മാസ്‌ക്കുകളാണ്.
കൊറോണക്കാലത്തും പൊതുസമൂഹത്തിന് വേണ്ടി കര്‍മനിരതരായ സ്ഥാപനങ്ങള്‍ക്കാണ് മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കുന്നത്. പോലീസ് സ്റ്റേഷന്‍, മാധ്യമ പ്രവര്‍ത്തകര്‍, ഹോസ്പിറ്റലുകള്‍, ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി കിച്ചന്‍ എന്നിവിടങ്ങളിലായി മാസ്‌കുകള്‍ വിതരണം ചെയ്തു. കമ്യൂണിറ്റി കിച്ചനിലേയ്ക്കാവശ്യമായ തൊപ്പികളും ഇവര്‍ നല്‍കുന്നുണ്ട്. തയ്യല്‍ ജോലികള്‍ക്കായി മുന്‍കൂട്ടി വാങ്ങിവച്ച തുണി ഈ പ്രതിസന്ധിഘട്ടത്തില്‍ സമൂഹ നന്മയ്ക്കു വേണ്ടിയുള്ള മാസ്‌ക്കുകളായി മാറി.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഈ ഘട്ടത്തില്‍ ഇത്തരമൊരു സേവന പ്രവര്‍ത്തനം നടത്തുന്നതിലുള്ള സംതൃപ്തിയിലാണ് ഈ കുടുംബം. ആവശ്യമുള്ള ആശുപത്രി ജീവനക്കാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും പാസ്റ്റര്‍ ബിധുമോന്‍ മാസ്‌ക്കുകള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുന്ന പാസ്റ്റര്‍ ബിധുമോന്‍ ജോസഫിനും ഭാര്യ റിനിക്കുമൊപ്പം ഇവരുടെ മക്കളായ ലെമുവേല്‍, ജമുവേല്‍ എന്നിവരും ഈ നന്‍മ പ്രവര്‍ത്തിക്കൊപ്പമുണ്ട്.