05 April, 2020 04:29:28 PM
ഒന്നര വയസുകാരിക്ക് കരുതല്‍: അൻവിതയുമായി ആംബുലൻസ് ഹൈദരാബാദിലേയ്ക്ക് പുറപ്പെട്ടു
ആലപ്പുഴ: കണ്ണിനെ ബാധിച്ച കാൻസർ രോഗത്തിന്റെ ചികിത്സക്കായി ഒന്നര വയസുകാരി അൻവിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ആലപ്പുഴ ചേർത്തലയിൽ നിന്ന് ആംബുലൻസിൽ ഹൈദരബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എൽ.വി. പ്രസാദ് അശുപത്രിയിൽ തിങ്കളാഴ്ച ചികിത്സ ആരംഭിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഇടപെട്ടാണ് കുട്ടിയുടെ ചികിത്സ യാഥാർത്ഥ്യമാക്കിയത്. ചികിത്സയ്ക്ക് ശേഷം കുട്ടിയെ ഇതേ ആംബുലൻസിൽ തിരികെ വീട്ടിലെത്തിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.
ലോക് ഡൗൺ കാലമായതിനാൽ വളരെയേറെ ബുദ്ധിമുട്ടിയാണ് കുഞ്ഞിനെയും മാതാപിതാക്കളെയും ഹൈദരബാദിലെത്തിക്കാൻ സംവിധാനമൊരുക്കിയത്. കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് യാത്രാ സൗകര്യം ഏർപ്പെടുത്തിയത്. യാത്രാ അനുമതിയും ആംബുലൻസ് കടന്നു പോകുന്ന മറ്റ് സംസ്ഥാനക്കൾക്കുള്ള നിർദ്ദേശവും പോലീസ് ആസ്ഥാനത്ത് നിന്ന് നൽകിയിരുന്നു. എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ആസ്ഥാനത്ത് നിന്നും നിർദേശങ്ങൾ നൽകി.
യാത്ര ചെലവും മറ്റും സർക്കാരാണ് വഹിക്കുന്നത്. ആലപ്പുഴ ചേർത്തലയിൽ നിന്ന് ഞായറാഴ്ച രാവിലെ 7.15ന് യാത്ര തിരിച്ച ആംബുലൻസ് രാത്രി 11 മണിയോടെ ഹൈദരബാദിലെത്തും. സാമൂഹ്യ സുരക്ഷാ മിഷൻ ഉദ്യോഗസ്ഥർ രാവിലെ വീട്ടിലെത്തി രക്ഷിതാക്കൾക്ക് യാത്ര ചിലവിനു ആവശ്യമായ തുക കൈമാറി.