05 April, 2020 08:50:24 AM


ലോക്ക്ഡൗണിൽ അനധികൃത മദ്യവിൽപ്പന; ആറ് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു





തൊടുപുഴ: ലോക്ക്ഡൗണിൽ അനധികൃത മദ്യവിൽപ്പന നടത്തിയ ഇടുക്കി അടിമാലി കൺസ്യൂമർഫെഡ് ശാഖയിലെ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ. മദ്യവിൽപ്പനയ്ക്ക് കൂട്ടുനിന്നതിന് ശാഖയിലെ ആറ് ജീവനക്കാരെ കൺസ്യൂമർഫെഡ് സസ്പെൻഡ് ചെയ്തു. കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.


ലോക്ഡൗൺ പ്രഖ്യാപിച്ചതിന്‍റെ പിറ്റേന്ന് മാർച്ച് 25ന് ബില്ലില്ലാത്ത നാല് കുപ്പി വിദേശ നിർമിത മദ്യവുമായി രണ്ട് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ മദ്യം കൈവശം വച്ചിരുന്നത് അടിമാലി കൺസ്യൂമർഫെഡ് ശാഖയിലെ താത്കാലിക ജീവനക്കാരൻ അതുൽ സാമും സഹോദരൻ അമൽ സാമുമാണെന്ന് വ്യക്തമായി. പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് ഏഴായിരം രൂപയും പിടിച്ചെടുത്തു


തുടരന്വേഷണത്തിൽ ലോക്ഡൗണിന്‍റെ മറവിൽ ശാഖയിൽ സൂക്ഷിച്ചിരുന്ന മദ്യം ഇരുവരും ചേർന്ന് കൂടിയ വിലയ്ക്ക് വിൽക്കുകയാണെന്ന് കണ്ടെത്തി. കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
പൊലീസ് റിപ്പോ‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കൺസ്യൂമർഫെഡ് നടത്തിയ അന്വേഷണത്തിൽ മദ്യവിൽപ്പനയിൽ അടിമാലി ശാഖലയിലെ കൂടുതൽ പേർ പങ്കാളികാളെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് ശാഖ മാനേജറടക്കം ആറ് പേരെ സസ്പെൻഡ് ചെയ്തത്.


ലോക്ഡൗണിൽ സർക്കാർ നിർ‍ദ്ദേശത്തെ തുടർന്ന് മദ്യവിൽപ്പനശാലകൾ മാർച്ച് 24ന് രാത്രി 9 മണിക്ക് പൂട്ടിയതാണ്. എന്നാൽ ഇതിന് ശേഷവും ഇവിടെ വിൽപ്പന നടന്നു. പ്രഥമിക പരിശോധനയിൽ ഔട്ട്‍ലെറ്റിലെ സ്റ്റോക്കും ബില്ലും തമ്മിൽ വലിയ വ്യത്യാസം കണ്ടെത്തി. ലോക്ഡൗണിന് ശേഷം ഓഫീസ് തുറക്കുമ്പോൾ കൂടുതൽ പരിശോധന നടത്തുമെന്നും ഇതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കൺസ്യൂമർഫെഡ് അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K