03 April, 2020 09:37:00 AM


വണ്ടിക്കൂലിക്ക് കാശില്ല: അമ്മയും കുഞ്ഞും നടന്നത് 60 കിലോമീറ്റർ; ഒടുവിൽ പോലീസ് രക്ഷകരായി

- ഹാരിസ് മുട്ടം



തൊടുപുഴ : വണ്ടിക്കൂലിക്ക് കാശില്ലാത്തതിനെ തുടർന്ന് അമ്മയും പത്ത് വയസ്സ് പ്രായമായ കുഞ്ഞും നടന്നത് 60 കിലോമീറ്റർ. ഭർത്താവ് ചികിത്സയിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും മുട്ടത്തേക്ക് ആണ് നടന്നത്. ചള്ളാവയലിൽ വച്ച് മുട്ടം പോലീസ് ഇവരെ കാണുകയും വിശദവിവരങ്ങൾ ചോദിച്ചപ്പോഴാണ് അതിദയനീയമായ അവസ്ഥ വിവരിക്കുന്നത്.


നാല് മാസത്തോളമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവരുടെ ഭർത്താവ്. ചികിത്സയുടെ ഭാഗമായി ഉപ്പുതറ ഭാഗത്തെ വിടും സ്ഥലവും വിറ്റതിനാൽ കാഞ്ഞാർ വെങ്കിട്ട ഭാഗത്തെ വാടക വീട്ടിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. കയ്യിൽ പണമില്ലാത്തതിനാൽ ബുധനാഴ്ച വൈകിട്ട് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നടത്തം ആരംഭിച്ചു.രാത്രി ഏതൊ ഒരു കടത്തിണ്ണയിൽ അൽപ നേരം വിശ്രമിച്ചു. ശേഷം വീണ്ടും നടത്തം.


ഇന്നലെ ഉച്ചയോടെ ചള്ളാവയലിൽ എത്തിയപ്പോഴാണ് അത് വഴി പെട്രോളിങ്ങ് നടത്തുകയായിരുന്ന മുട്ടം അഡിഷണൽ എസ്.ഐ മുഹമ്മദാലിയുടേയും ദിലീപിന്റെയും ശ്രദ്ധയിൽ പെട്ടത്. ഉടൻ ഇവടെ പോലീസ് ജീപ്പിൽ കയറ്റി തോട്ടുംകരയിലെ ഹോട്ടലിൽ നിന്നും അമ്മക്കും പത്ത് വയസ്സുകാരനും ഭക്ഷണം വാങ്ങി നൽകി.തുടർന്ന് മുട്ടത്തെ സപ്ലൈക്കൊ മാർക്കറ്റിൽ നിന്നും അരിയും മറ്റ് പലചരക്ക് സാധനങ്ങളും വാങ്ങി നൽകി കാഞ്ഞാറിലെ വീട്ടിൽ കൊണ്ട് ചെന്ന് എത്തിച്ചു. പണമില്ലാത്തതിനാൽ കഴിഞ്ഞ മാസത്തെ വാടക നൽകിയിട്ടെല്ലെന്നും പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K