30 March, 2020 08:08:25 PM
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി
തിരുവനന്തപുരം: 2020 മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി പി.എസ്.സി മൂന്ന് മാസത്തേക്ക് നീട്ടി. കോവിഡ്-19 വ്യാപനത്തെത്തുടർന്നുണ്ടായ ലോക്ഡൗണിൽ നിയമന നടപടികൾ നിർത്തിവെച്ച സാഹചര്യത്തിലാണ് നടപടി. പി.എസ്.സി പരീക്ഷകൾ, അഭിമുഖങ്ങൾ, നിയമന ശുപാർശകൾ, വകുപ്പുതല പരീക്ഷകൾ എന്നിവയെല്ലാം നിലവിൽ മാറ്റിവെച്ചിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ മുഴുവനായും പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടതിനാൽ ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും കാര്യമായ ഭംഗം വന്നിരിക്കുകയാണ്.
കോളേജ് വിദ്യാഭ്യാസ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും വിവിധ വിഷയങ്ങളിൽ ലക്ചറർ, ആയുർവേദ കോളേജുകളിലെ വിവിധ തസ്തികകൾ, ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, മുനിസിപ്പൽ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി തുടങ്ങി രണ്ടോ മൂന്നോ മാസങ്ങൾക്കകം കാലാവധി തീരുന്ന ലിസ്റ്റുകളിൽ ഉൾപ്പെടുന്നവർക്കെല്ലാം തീരുമാനം ആശ്വാസമായേക്കും.