27 March, 2020 09:42:10 PM


ഹോസ്റ്റൽ പൂട്ടിയിട്ട് വാർഡൻ സ്ഥലം വിട്ടു; മൂന്ന് പെൺകുട്ടികൾ ഉള്ളിൽ കുടുങ്ങി



കട്ടപ്പന: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ഹോസ്റ്റലില്‍ കുടുങ്ങിയ മൂന്ന് പെണ്‍കുട്ടികളെ പൂട്ടിയിട്ട് വാര്‍ഡന്‍ സ്ഥലം വിട്ടു. തുടര്‍ന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി  വാര്‍ഡനെ വിളിച്ച് വരുത്തി ഹോസ്റ്റല്‍ തുറന്നു. ഇന്ന് ഉച്ചയോടെയാണ് കട്ടപ്പന സര്‍ക്കാര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ പൂട്ടിയിട്ട് വാര്‍ഡന്‍ വീട്ടിലേയ്ക്ക് പോയത്.


ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടുകളിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ ഹോസ്റ്റലില്‍ തങ്ങിയിരുന്ന എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളാണ് ഇവിടെയുള്ളത്. ഉച്ചയോടെ വാര്‍ഡന്‍ രണ്ട് ഗ്രില്ലുകളും പൂട്ടി പോയതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വീട്ടില്‍ വിവരമറിയിക്കുകയും ബന്ധുക്കള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയുമായിരുന്നു.


വാര്‍ത്ത പുറത്ത് വന്നതോടെ കട്ടപ്പന സി. ഐ, വനിത എസ്. ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഹോസ്റ്റലില്‍ എത്തുകയും വാര്‍ഡനെ വിളിച്ചുവരുത്തി ഹോസ്റ്റല്‍ തുറക്കുകയുമായിരുന്നു. പെണ്‍കുട്ടികളോട് പറഞ്ഞതിന് ശേഷം ഹോസ്റ്റല്‍ പൂട്ടിയതെന്നാണ് വാര്‍ഡന്‍റെ വിശദീകരണം. എന്നാല്‍ വാര്‍ഡന്‍ ഇവിടെ ഉണ്ടാകേണ്ട ആളാണെന്നും ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കട്ടപ്പന സി.ഐ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K