26 March, 2020 03:11:35 PM
പാലക്കാട് രോഗബാധിതന്‍ നേരിട്ട് സമ്പർക്കം പുലർത്തിയത് 200ലധികം പേരുമായി
പാലക്കാട്: കെഎസ്ആര്‍ടിസി കണ്ടക്ടറുടെ പിതാവിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം. കാരാകുറിശ്ശിയിലെ കോവിഡ് ബാധിതന്‍റെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. 200ലധികം ആളുകളുമായി രോഗി നേരിട്ട് സമ്പർക്കം പുലർത്തിയെന്നാണ് കണ്ടത്തെൽ. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റും. വിദേശത്തുനിന്ന് വന്ന ഇയാൾ ഒരാഴ്ച പലയിടത്തു സഞ്ചരിച്ച ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വീട്ടുനിരീക്ഷണ ചട്ടം ലംഘിച്ചതിന് പൊലീസ് കേസ് എടുത്തു.
ഇപ്പോള്‍ നിരീക്ഷണത്തിലുള്ള ഇയാളുടെ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകന്‍ ഇതിനുശേഷം കോയമ്പത്തൂര്‍, തിരുവനന്തപുരം റൂട്ടുകളിലെ ബസുകളിലും ജോലി ചെയ്തു. മാര്‍ച്ച് 13ന് നാട്ടിലെത്തിയ ആള്‍ 20ന് മാത്രമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനിടെ രണ്ടു തവണ ജുമാ നമസ്‌കാരത്തില്‍ പങ്കെടുത്തു. നാലുതവണ ആശുപത്രിയില്‍ പോയി. നിരവധി ബന്ധുവീടുകളിലും പോയി. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌ക്കരമാണെന്നും ജില്ലാ ഭരണകൂടം പറഞ്ഞിരുന്നു. മകന്‍ ജോലി ചെയ്ത ബസുകളില്‍ യാത്ര ചെയ്തവരെ കണ്ടെത്തുക എന്നതും വളരെ ദുഷ്കരമായി തീര്‍ന്നിരിക്കുകയാണ്.