24 March, 2020 12:33:20 PM
ലോക്ക് ഡൗൺ: വാളയാറിൽ തടഞ്ഞ പച്ചക്കറി ലോറികൾ കടത്തിവിട്ടു
പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ തടഞ്ഞ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള പച്ചക്കറി ലോറികൾ കടത്തിവിട്ടു. പാലക്കാട് ഡിവൈഎസ്പി സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. നേരത്തെ പെട്രോള്‍, ഡീസല്‍, എല്‍പിജി ടാങ്കറുകള്‍ക്ക് മാത്രമാണ് ചെക്ക്പോസ്റ്റ് കടക്കാൻ അനുമതി നൽകിയിരുന്നത്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ ചരക്ക് നീക്കം തടസപ്പെടില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുമായി ചീഫ് സെക്രട്ടറി വിഷയം ചര്‍ച്ച ചെയ്ത് തടസങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. കൃത്രിമക്ഷാമം ഉണ്ടാക്കിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മാർച്ച് 31വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുന്നതടക്കമുള്ള കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവും കഴിഞ്ഞ ദിവസം രാത്രി ഇറങ്ങി. കടകൾ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ പിന്നീട് രാത്രി ഇറങ്ങിയ ഉത്തരവിൽ കടകൾ തുറന്നുപ്രവർത്തിക്കേണ്ട സമയം രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെയായി നിജപ്പെടുത്തിയിട്ടുണ്ട്.