24 March, 2020 01:10:13 AM
ഹെലികോപ്‌ടര്‍ വഴി മരുന്ന് തളിക്കുമെന്ന് വ്യാജ പ്രചാരണം: കണ്ണൂരില്‍ ഒരാള്‍ അറസ്‌റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ ഹെലികോപ്‌റ്റര്‍ വഴി മരുന്നു തളിക്കുമെന്ന വ്യാജ പ്രചാരണം നടത്തിയയാള്‍ അറസ്‌റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ഷാന്‍ ഷരീഫാണ് അറസ്‌റ്റിലായത്. കോവിഡ്-19 വൈറസ് ബാധ തടയാന്‍ ഹെലികോപ്‌റ്റര്‍ വഴി മരുന്നു തളിക്കുമെന്നായിരുന്നു പ്രചാരണം.
വൈറസിനെതിരേ ഹെലികോപ്‌റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷപദാര്‍ഥം തെളിക്കുമെന്നാണു ഇയാള്‍ വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്. പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പ് അഡ്‌മിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത് കോറോണ വൈറസിനെ തുരത്താന്‍ ഹെലികോപ്‌റ്റര്‍ വഴി മരുന്നുതളിക്കാനാണെന്നു നേരത്തെ പ്രചരിച്ചിരുന്നു. അതുകൊണ്ടാണ് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആഹ്വാനം ചെയ്‌തിരിക്കുന്നത് എന്നായിരുന്നു വാട്‌സപ്പ് സന്ദേശം. ഈ സന്ദേശം പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ഒട്ടേറെ വ്യാജ സന്ദേശങ്ങളും പ്രചാരണങ്ങളുമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. സൈബര്‍ സെല്ലിലടക്കം നിരവധി പരാതികളാണ് ഇതു സംബന്ധിച്ച് ലഭിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്