20 March, 2020 10:26:33 PM


പുളിങ്കുന്നിൽ പടക്ക യൂണിറ്റിൽ പൊട്ടിത്തെറി; 9 പേർക്ക് പരിക്ക്; അയൽ വീടുകൾ തകർന്നു



ആലപ്പുഴ: പുളിങ്കുന്നിൽ അനധികൃത പടക്ക നിർമാണ യൂണിറ്റിലുണ്ടായ അപകടത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആൻ്റണി പുരയ്ക്കലിൻ്റെ ഉടമസ്ഥതയിൽ ഉള്ള പടക്ക നിർമ്മാണ യൂണീറ്റിലാണ് വെള്ളിയാഴ്ച ഉച്ചയോടെ അപകടം സംഭവിച്ചത്.


വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.പുളിങ്കുന്ന് പഞ്ചായത്ത് എട്ടാം വാർഡ് അംഗം മറിയാമ്മ ജോസഫിൻ്റെ ഭർത്താവ് റെജി, മീനു, ബിന്ദു ,ഷേർളി എന്നിവർക്കാണ് ഗുരുതര പരിക്ക്. സരസമ്മ, ഓമന, ഷീല, ഏലിയാമ്മ, തോമസ് എന്നിവർക്കും പൊള്ളലേറ്റു. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.



കൊച്ചുമോന്റെ ബന്ധുക്കളും അയൽവാസികളുമാണ് ഇവരെല്ലാം. വീടിനോട് ചേർന്നു പടക്ക നിർമാണത്തിനായി തയാറാക്കിയ ഷെഡിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന ശബ്ദം കേട്ട നാട്ടുകാർ അഗ്നിശമന സേനയേയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K