16 March, 2020 11:01:30 AM
വാഗമണിലെത്തിയ വിദേശി മുറികിട്ടാതെ സെമിത്തേരിയിൽ തങ്ങിയെന്ന് സംശയം
വാഗമണ്‍: ശനിയാഴ്ച രാത്രി വാഗമണ്ണിലെത്തിയ ഇറ്റലിക്കാരനായ വിനോദസഞ്ചാരി താമസസൗകര്യം കിട്ടാതെ ഉറങ്ങിയത് പള്ളിസെമിത്തേരിയിലെന്ന് സംശയം. പുള്ളിക്കാനത്ത് ഒരു പള്ളിയുടെ സെമിത്തേരിയില്‍ ഇയാള്‍ തങ്ങിയെന്നും ഞായറാഴ്ച രാവിലെ ബസില്‍ക്കയറി പോയെന്നുമാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ശനിയാഴ്ച രാത്രി മുറി അന്വേഷിച്ച് ഇയാള്‍ ലോഡ്ജുകളിലെത്തിയിരുന്നു. ആരും മുറി നല്‍കിയില്ല. വാഗമണ്ണിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും അടഞ്ഞുകിടക്കുകയാണ്.
രാത്രി ഒന്‍പതു മണിയോടെ ഇദ്ദേഹം ഒരു ഹോട്ടലില്‍ച്ചെന്ന വിവരം ഉടമ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഒരുമണിവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ ഏഴുമണിയോടെ പുള്ളിക്കാനം റോഡിലുള്ള പള്ളിയുടെ സെമിത്തേരിയില്‍നിന്ന് ഇദ്ദേഹം ഇറങ്ങിവരുന്നതാണ് നാട്ടുകാര്‍ കണ്ടത്. എട്ടുമണിക്ക് കോട്ടയത്തേക്ക് പുറപ്പെടുന്ന ബസില്‍ കയറിയതായും നാട്ടുകാര്‍ പറയുന്നു. ഇതാണ് ഇയാള്‍ സെമിത്തേരിയില്‍ ഉറങ്ങിയെന്ന സംശയം ബലപ്പെടുത്തിയത്.
വാഗമണ്‍ ആശ്രമത്തില്‍ തങ്ങിയിരുന്ന എട്ടുപേരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തി. ബെല്‍ജിയം സ്വദേശികളായ ഏഴുപേരും ഒരു ഫ്രഞ്ചുകാരനുമാണ് സംഘത്തിലുണ്ടായിരുന്നത്. ബെല്‍ജിയം സ്വദേശികളെ ചെന്നൈയിലേക്ക് അയച്ചു. ഫ്രഞ്ചുകാരന്‍ നിരീക്ഷണത്തിലാണ്.