06 March, 2020 05:11:09 PM
പഴയ കസേര ചോദിച്ചു, കിട്ടിയത് പുതിയ രണ്ട് കസേരകൾ; താരമായി ചേർത്തലയിലെ പൊലീസുകാർ
ചേര്‍ത്തല: ഇരുന്നു പഠിക്കാൻ പൊട്ടിയ പഴയ കസേര ചോദിച്ചെത്തിയ ആറാം ക്ലാസുകാരന് പുതിയ രണ്ട് കസേര വാങ്ങി നൽകിയ ചേർത്തല ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥരാണ് സോഷ്യൽ മീഡിയയിലെ പുതിയ താരങ്ങൾ. ഡിവൈഎസ്പി ഓഫീസിന് പിന്നിൽ ഉപേക്ഷിച്ച പൊട്ടിയ കസേര അന്വേഷിച്ചാണ് ആറാം ക്ലാസുകാരനായ കുട്ടി സ്റ്റേഷനിലെത്തിയത്. ഇരുന്നു പഠിക്കാൻ പഴയ കസേര ചോദിച്ചെത്തിയ വിദ്യാർത്ഥിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ കസേര നൽകാതെ മടക്കി അയച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം നടക്കുന്നത്. അടുത്ത ദിവസം സ്റ്റേഷനിലെത്താനായിരുന്നു കുട്ടിയോട് ഉദ്യോസ്ഥരുടെ നിർദേശം. പറഞ്ഞതുപോലെ സ്റ്റേഷനിലെത്തിയ കുട്ടിയെ കാത്തിരുന്നത് പുത്തൻ രണ്ട് കസേരകളാണ്. ഡിവൈഎസ്‍പി എ ജി ലാലിന്‍റെ നേതൃത്വത്തിൽ രണ്ട് കസേരകളും ചേര്‍ത്തല ആയുര്‍വേദ ആശുപത്രിക്ക് സമീപത്തെ വീട്ടിൽ എത്തിക്കുകയും ചെയ്തു. വീട്ടിലെ കസേര ഒടിഞ്ഞു പോയതോടെയാണ് പഴയ കസേരയ്ക്കായി കുട്ടി സ്റ്റേഷനിലെത്തിയത്. അരയ്ക്കു താഴെ തളർന്ന് കിടപ്പിലാണ് കുട്ടിയുടെ പിതാവ്. മാതാവ് ലോട്ടറി വിറ്റാണ് കുടുംബം പുലർത്തുന്നത്.