02 March, 2020 11:47:52 AM


കുമളിയിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു



കുമളി: നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാൾ മരിച്ചു. ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനർ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കുമളി- കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്.


സർവീസ് കഴിഞ്ഞ് കുമളിയിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ബസിനുള്ളിൽ സാധാരണയെന്നപോലെ ക്ലീനർ രാജൻ കിടന്നുറങ്ങുകയായിരുന്നു. എന്നാൽ രാജൻ വീട്ടിൽ പോയിരുന്നുവെന്നാണ് മറ്റുള്ളവർ ധരിച്ചിരുന്നത്. ബസിൽ തീപടരുന്നത് ശ്രദ്ധയിൽ പെട്ട സമീപബസിലെ ജീവനക്കാർ തീയണക്കാനായി ഓടിക്കൂടി. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് എറെ ശ്രമിച്ചതിന് ശേഷമാണ് തീ അണയ്ക്കാനായി സാധിച്ചത്.



ഇതിനിടെയാണ് രാജൻ ബസിനുള്ളിലുണ്ടായിരുന്ന വിവരമറിയുന്നത്. രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപത്തെ പെട്രോൾ പമ്പിലേക്ക് തീപടരാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K