27 February, 2020 01:55:35 PM
'അമ്മെ ഞാൻ അഛന്‍റെ അടുത്തേക്ക് പോകുന്നു'; ഹാൾ ടിക്കറ്റ് വാങ്ങാതെ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ചു
ഇടുക്കി: ഐടി പരീക്ഷയുടെ ഹോൾ ടിക്കറ്റ് വാങ്ങേണ്ട ദിവസം പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചതിന്‍റെ നടുക്കത്തിലാണ് നെടുങ്കണ്ടം കല്ലാർ നിവാസികൾ. ചരുവിളപുത്തൻവീട്ടിൽ പരേതനായ സുരേന്ദ്രന്‍റെ മകൾ അനഘയാണ് (15) മരിച്ചത്. ഇന്നലെയായിരുന്നു നടുക്കുന്ന സംഭവം. അതേസമംയ അനഘ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിനു ലഭിച്ചു.
"അമ്മെ ഞാൻ അഛന്‍റെ അടുത്തേക്ക് പോകുന്നു.... ഞാൻ പഠിത്തത്തിലും...മണ്ടിയാണ്... എന്‍റെ മാല എന്‍റെ ചേട്ടന് കൊടുക്കേണം... അമ്മയുടെ സാരിയിൽ ഞാൻ....'' ഇതാണ് കുറിപ്പിലുണ്ടായിരുന്നത്. പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. കല്ലാർ ഗവ. സ്കൂളിലെ വിദ്യാർഥിനിയായിരുന്നു അനഘ.
ഇന്നലെ പത്താംക്ലാസ് ഐടി പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങാൻ പോകേണ്ടതായിരുന്നു. രാവിലെ അനഘയെ സ്കൂളിലേക്ക് പോകാൻ നിർദേശിച്ച ശേഷം അമ്മ സുഷമ ജോലിക്ക് പോയിരുന്നു. പുളിയൻമലയിലായിരുന്നു അമ്മയുടെ ജോലി. സാധാരണയായി രാവിലെ സുഷമ ജോലിക്ക് പോയ ശേഷമാണ് അനഘ സ്കൂളിലേക്ക് പോകാറുള്ളത്. എന്നാൽ ഹോൾ ടിക്കറ്റ് വാങ്ങേണ്ട സമയം കഴിഞ്ഞിട്ടും സ്കൂളിൽ കാണാതിരുന്നതിനെ തുടർന്ന് അധ്യാപകരാണ് സുഷമയെ വിളിച്ച് കാരണം അന്വേഷിച്ചത്.
രാവിലെ റെഡിയായികൊണ്ടിരുന്ന മകൾ സ്കൂളിൽ എത്തിയില്ലെന്നറിഞ്ഞ് സുഷമയും ഭയന്നു. ഉടൻ തന്നെ അയൽവാസിയെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇവർ നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ അനഘയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. ആദർശാണ് സഹോദരൻ.