26 February, 2020 11:08:53 PM
ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന: ദുരന്തം ഒഴിവാക്കി ശിവരാമന്‍ മരണത്തിലേക്ക്
ഷൊര്‍ണൂര്‍: നെഞ്ചുവേദനയ്ക്കിടയിലും താന്‍ ഓടിച്ചിരുന്ന ബസ്സിനും യാത്രക്കാര്‍ക്കും സംഭവിക്കാമായിരുന്ന അപകടസാധ്യത ഒഴിവാക്കിയ ഡ്രൈവര്‍ മേലാറ്റൂര്‍ സ്വദേശി ശിവരാമന്‍ നിത്യതയിലേക്ക് യാത്രയായി. ബസ് ഓടിക്കുന്നതിനിടെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടര്‍ന്നാണ് മലപ്പുറം മേലാറ്റൂര്‍ പുല്ലിക്കുത്ത് പരേതനായ ചിന്നന്‍ എഴുത്തച്ഛന്റെ മകന്‍ ശിവരാമന്‍ (ബാബു-52) മരിച്ചത്.
കരുവാരക്കുണ്ട് - പെരിന്തല്‍മണ്ണ - ചെര്‍പ്പുളശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അറഫ ബസ്സിലെ ഡ്രൈവറായിരുന്നു ശിവരാമന്‍. കരുവാരക്കുണ്ടില്‍നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് വരികയായിരുന്ന ബസ് തൂത ഷാപ്പുംപടി ഭാഗത്തെത്തിയപ്പോഴാണ് ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ശിവരാമന്‍ ബസ് പെട്ടെന്ന് പാതയോരത്തേക്ക് ഒതുക്കിനിര്‍ത്തി. തൊട്ടടുത്ത കടയില്‍നിന്ന് സോഡ കുടിച്ചശേഷം ബസ്സില്‍ തിരിച്ചുകയറുന്നതിനിടെ വീണ്ടും നെഞ്ചുവേദനയുണ്ടായി.
സഹപ്രവര്‍ത്തകരും യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ചെര്‍പ്പുളശ്ശേരിയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചുവേദനയില്‍ തളരാതെയും ആത്മവിശ്വാസം കൈവിടാതെയും ശിവരാമന്‍ ഗതാഗതത്തിരക്കേറിയ സംസ്ഥാനപാതയിലെ സുരക്ഷിതഭാഗത്തേക്ക് ബസ് മാറ്റിനിര്‍ത്തിയതിനാലാണ് അപകടസാധ്യത ഒഴിവായതെന്ന് യാത്രക്കാരും ജീവനക്കാരും പറഞ്ഞു.
ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ശിവരാമന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ഷൊര്‍ണൂര്‍ ഭാരതപ്പുഴയോരത്തെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. അമ്മ: മീനാക്ഷി. ഭാര്യ: വേങ്ങാട് മത്തില്‍വളപ്പില്‍ ശോഭ. മക്കള്‍: മഹേഷ് (മുംബൈ), മനീഷ. മരുമകന്‍: ബാബുദാസ് തെക്കേതില്‍ (ചുണ്ടമ്പറ്റ). സഹോദരങ്ങള്‍: കുഞ്ഞിലക്ഷ്മി, ചന്ദ്രിക, മുരളീധരന്‍, ശിവശങ്കരന്‍, സുരേഷ്, ഉണ്ണിക്കൃഷ്ണന്‍, ബിന്ദു, സന്തോഷ്.