14 February, 2020 04:14:59 PM
ആദിവാസി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; ശുശ്രൂഷ ഒരുക്കി പുരുഷനഴ്സും ഡ്രൈവറും
- നൗഷാദ് വെംബ്ലി
പെരുവന്താനം: ആദിവാസി യുവതിക്ക് ആംബുലൻസിൽ സുഖ പ്രസവം. ഗെവി സ്വദേശി രഞ്ജിത്തിന്‍റെ ഭാര്യ അമ്പിളി (20)യാണ് ആൺകുഞ്ഞിന് ജൻമം നൽകിയത്. വണ്ടിപ്പെരിയാറ്റിൽ നിന്നും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കുള്ള ആംബുലൻസ് യാത്രയിൽ പെരുവന്താനം ചുഴുപ്പിൽ വച്ചായിരുന്നു യുവതി പ്രസവിച്ചത്.
ഗെവിയിൽ നിന്നും ജീപ്പിൽ വണ്ടിപ്പെരിയാർ ആശുപത്രിയിലെത്തിയ അമ്പിളിയെ ആംബുലൻസിൽ കാഞ്ഞിരപള്ളിയിലേക്ക് അയക്കുകയായിരുന്നു. പെരുവന്താനം ചുഴുപ്പിലെത്തിയപ്പോൾ പ്രസവലക്ഷണം കണ്ടതോടെ 108 ആംബുലൻസിലെ പുരുഷ നഴ്സ് അശോകൻ, ഡ്രൈവർ രജീഷ് എന്നിവർ വാഹനത്തിൽ പ്രസവ സുരക്ഷ ഒരുക്കുകയായിരുന്നു.
പെരുവന്താനം സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം അമ്മയേയും കുഞ്ഞിനേയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗെവിയിൽ കോട്ടയം ഷെഡ് ഭാഗത്തു താമസകരായ രഞ്ജിത്തും അമ്പിളിയും ഏലകാട് തൊഴിലാളികളാണ്. അമ്മയും കുഞ്ഞും സുഖമായി കഴിയുന്നതായി ഡോക്ടർമാർ അറിയിച്ചു.