08 February, 2020 06:34:34 PM
കോൺഗ്രസ് നേതാവിന്‍റെ സംസ്‌കാര ചടങ്ങുകൾക്ക് പിന്നാലെ വീട്ടിൽ തസ്‌കര സംഘം
ഇടുക്കി: മരണം നടന്ന കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ ഭീതി പരത്തി തസ്കരസംഘം. കഴിഞ്ഞ ദിവസം അന്തരിച്ച ഇടുക്കി ഡിസിസി വൈസ് പ്രസിഡന്‍റ് കെ.ആർ. സുകുമാരന്‍റെ കുടുംബവീടായ കരമങ്ങാട്ട് രമാദേവിയുടെ വീട്ടിലാണ് തസ്കര സംഘം ഭീതി വിതച്ചത്. സുകുമാരൻ നായരുടെ നിര്യാണത്തെതുടർന്നുള്ള ചടങ്ങുകളുടെയും മറ്റും തിരക്കിലായിരുന്നു കുടുംബാംഗങ്ങൾ.
ഇതിനിടയിലാണ് രാത്രിയിൽ തസ്കരസംഘം വീട്ടിൽ മോഷ്ടിക്കാനായെത്തിയത്. ഇതര സംസ്ഥാനക്കാരായ സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രണ്ട് പേർ ബൈക്കിൽ രക്ഷപെട്ടു. പിടിയിലായത് രാജസ്ഥാൻ സ്വദേശിയാണ്. മറ്റു രണ്ടു പേർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വീട്ടുകാരെ ഭയപ്പെടുത്തി മോഷണം നടത്തുന്ന രീതിയാണ് ഇവർ നടത്താൻ തുടങ്ങിയതെന്നാണ് സൂചന. സംഭവം നടക്കുമ്പോൾ സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.