07 February, 2020 09:46:11 AM
കാനഡയിൽ മലയാളി സ്വിമ്മിങ് പൂളിൽ മരിച്ചത് പിതാവുമായി ഫോണിൽ സംസാരിച്ച പിന്നാലെ
ഇടുക്കി: കാനഡയിൽ മലയാളി നഴ്സ് സ്വിമ്മിങ് പൂളിൽ മരിച്ചത് പിതാവുമായി സംസാരിച്ച് മണിക്കൂറുകൾക്കുള്ളിൽ. കട്ടപ്പന കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിയുടെ മകൻ നിധിൻ(25) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. നിധിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഹോസ്‌പിറ്റലിൽ ജോലി ചെയ്‌തിരുന്ന ഒരു നഴ്‌സാണ് നാട്ടിൽ വിവരം അറിയിച്ചത്.
ബുധനാഴ്ച്ച വൈകിട്ടാണ് നിധിൻ മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. അന്നേ ദിവസം പകൽ 11.30ന് നിധിൻ നാട്ടിലുള്ള അഛൻ ഗോപിയുമായി ഫോണിൽ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനു ശേഷമാണ് അത്യാഹിതം സംഭവിച്ചതെന്നാണ് സൂചന. ദക്ഷിണ കാനഡയിലെ പ്രവിശ്യയായ ഒന്‍റാറിയോ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ബുധനാഴ്‌ച ജിമ്മിന് സമീപത്തുള്ള സ്വീമ്മിംഗ് പൂളിൽ മരിച്ചു കിടന്നതായാണ് വിവരം.
ആളെ തിരിച്ചറയാത്തതിനാൽ അവിടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിധിന്‍റെ പടം പ്രചരിപ്പിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. മരണകാരണം ഇതു വരെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മൂന്ന് വർഷം മുമ്പാണ് നിധിൻ ക്യാനഡയ്‌ക്ക് പോയത്. അവിടുത്തെ പഠനത്തിന് ശേഷം ഒരു വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ, നോർക്കാ റൂട്ട്‌സ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. അമ്മ: ബീന (നഴ്‌സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങൾ: ജ്യോതി, ശ്രുതി.