30 January, 2020 10:10:32 PM
കടല്‍ കടന്ന് നാടിനു കൗതുകമായി അവരെത്തി; കേരളത്തിന്‍റെ സാംസ്‌കാരിക തനിമയറിയാന്‍
- നൗഷാദ് വെംബ്ലി
മുണ്ടക്കയം: കേരളത്തിന്‍റെ സാംസ്‌കാരിക തനിമയറിയാന്‍ കടല്‍ കടന്ന് അവര്‍ എത്തി . ജര്‍മ്മനിയില്‍ നിന്നും മുണ്ടക്കയം ഡി പോള്‍ സ്‌കൂളിലെത്തിയിരിക്കുന്ന ഇരുപതംഗ സംഘം നാടിനു കൗതുകമായിരിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ രീതിയേയും സംസ്‌കാരത്തെയും, ഭാഷയേയും പറ്റി കൂടുതല്‍ മനസിലാക്കുന്നതിനായാണ് ജര്‍മ്മന്‍സംഘം ഈ സ്‌കൂള്‍ തിരഞ്ഞെടുത്തത്.
നഗരത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഗ്രാമീണാന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിന്‍സെന്‍ഷ്യന്‍ സഭാ വൈദികരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ കഴിവുകള്‍ നേരില്‍ കാണാനും, അവരോട് സംവദിക്കാനും ഉള്ള അവസരമാണ് ഇവിടെ ഒരുക്കിയത്. കേരളീയ വേഷത്തിലെത്തിയ ജര്‍മ്മന്‍കാരെ കണ്ട് ആദ്യം അമ്പരന്നെങ്കിലും വേഗത്തില്‍ കുട്ടികള്‍ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ചു. കപ്പയും ,ചക്കയും മുതല്‍ നാടന്‍ ഭക്ഷണ സാധനങ്ങളുടെ ഒരു നീണ്ട നിര തന്നെ വിദേശികള്‍ക്കായി ഒരുക്കിയിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് മുന്‍തൂക്കം നല്‍കി മലയാള തനിമയോടെ അവതരിപ്പിച്ച പരിപാടികള്‍ ശ്രദ്ധേയമായി.
പഴമയുടെ പെരുമ വിളിച്ചോതുന്ന പുരാവസ്തു ശേഖരണം, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും സ്‌കൂളില്‍ ഒരുക്കിയിരുന്നു.മലയാളം പഠിച്ചാല്‍ മാത്രമേ കേരളത്തെ പൂര്‍ണ്ണമായും മനസിലാക്കാനാവൂ എന്ന വസ്തുത മനസിലാക്കി അടുത്ത വരവില്‍ മലയാളം പഠിക്കാനൊള്ള തീരുമാനത്തോടെയാണ് ഇവര്‍ മടങ്ങിയത്. പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ തോമസ് തെക്കേമുറി, ഡയറക്ടര്‍ ഫാ.ഡോണി വി.സി, പ്രിന്‍സിപ്പല്‍ ഷിന്‍സ് മാത്യു , വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ നേതൃത്വംനല്‍കി.