24 January, 2020 07:37:47 AM


ലോറിക്ക് തീപിടിച്ചു; വിദ്യാര്‍ത്ഥിയുടെ അവസരോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി




പീരുമേട്:  ടയര്‍ പൊട്ടിത്തെറിച്ച് മുന്നിലെ ടയറിന് തീപിടിച്ച ലോറി അഗ്‌നിക്കിരയാകാതെ രക്ഷിച്ചത് വിദ്യാര്‍ത്ഥി. ബുധനാഴ്ച്ച രാത്രി പതിനൊന്നിന് ദേശീയ പാത 183ല്‍ മരുതുംമൂട് 36ാം മൈലിലാണ് സംഭവം. ചെന്നൈയില്‍ നിന്ന് തിരുവല്ലായിലേക്ക് സിമന്റുമായി വന്ന ലോറിയുടെ മുമ്പിലെ ടയറാണ് പൊട്ടിത്തെറിക്കുകയും വീല്‍ ഡിസ്‌ക്ക് റോഡിലുരണ്ട് ടയറിന് തീപിടിക്കുകയും ചെയ്തത്.


ഈ സമയം വീടിന് മുമ്പിലിരുന്ന് പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥി അശ്വിന്‍ തീ പടരുന്ന ലോറി വരുന്നത് കണ്ട് വിട്ടുകാരെയും സമീപവാസികളെയും വിളിച്ചു കുട്ടുകയായിരുന്നു. ഡ്രൈവര്‍ റോഡ് വക്കില്‍ നിര്‍ത്തിയതോടെ തീ ആളിപടരാന്‍ തുടങ്ങി. ഇതിനിടെ അശ്വിന്റെ നേതൃത്വത്തില്‍ വെള്ളം എത്തിച്ച് തീ കെടുത്താന്‍ ശ്രമിച്ചത് ഏറെ പ്രയോജനകരമായി. സംഭവത്തില്‍ പതറിപ്പോയ ഡ്രൈവര്‍ രമേശ് പകച്ചു നില്‍ക്കുമ്പോള്‍ സമീപവാസികളുടെ ഇടപെടല്‍ ലോറിയെ തീയില്‍ നിന്നും രക്ഷിച്ചു.


ഈ സമയം ഇതുവഴി കാറിലെത്തിയ  എത്തിയ ഏതാനും യുവാക്കളും സഹായമായി എത്തി. പത്തോളം ആളുകളുടെ നേതൃത്വത്തില്‍ സമീപത്തെ വീടുകളില്‍ നിന്ന് വെള്ളം എത്തിച്ച് പതിനഞ്ച് മിനിറ്റിനുള്ളില്‍ തീ പൂര്‍ണ്ണമായും കെടുത്തി. എഞ്ചിന്‍ ഭാഗത്തേക്ക് പടരാതെ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചത് അപകടം ഒഴിവാക്കി. തീ കെടുത്തുന്നതിനിടയില്‍ അശ്വിന്റെ കാലിന് നിസാര പരിക്കും പറ്റി. അശ്വിന്‍.ടി.അനില്‍ 35ാം മൈല്‍ ഡി പോള്‍ സ്‌ക്കുളിലെ ഒന്നാം വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മാധ്യമം ദിനപത്രത്തിന്റെ പീരുമേട് ലേഖകന്‍ അനില്‍കുമാറിന്റെ മകനുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K