20 January, 2020 10:15:33 PM
ക്ഷേത്രമുറ്റത്ത് ഒപ്പന കളിച്ച് മുത്തപ്പൻ ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം
കണ്ണൂര്‍: ചെണ്ടമേളത്തിന്‍റെ അകമ്പടിയോടുകൂടി ക്ഷേത്രമുറ്റത്ത് മെഗാ ഒപ്പന. വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ള 150 ഓളം കലാകാരികൾ മതസൗഹാർദത്തിന്‍റെ ഉത്തമ മാതൃകയായി കണ്ണൂർ ചൊക്ലിക്കടുത്ത് നിടുമ്പ്രം ശ്രീ മുത്തപ്പൻ മടപ്പുരയില്‍ അരങ്ങേറിയ ഒപ്പനയില്‍ അണിനിരന്നു. തിരുവപ്പന മഹോത്സവത്തിന് തുടക്കം കുറിച്ചായിരുന്നു ഒപ്പന.
കഴിഞ്ഞവർഷം മെഗാ തിരുവാതിരയോടു കൂടിയാണ് മഹോത്സവത്തിന് തുടക്കമായതെങ്കില്‍ പൗരത്വ ബില്ലിനെ സംബന്ധിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാലാണ് ഇക്കുറി ഒപ്പനയോടെ ഉത്സവത്തിന് തുടക്കം കുറിക്കാൻ തീരുമാനിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. നമ്മളൊന്ന്, ഒറ്റ -ദേശം എന്ന സന്ദേശം കൈമാറലാണ് പട്ടുറുമാൽ എന്ന പേരിലുള്ള മെഗാ ഒപ്പന വഴി ലക്ഷ്യമിട്ടിരുന്നത്.
ഇരുപത് മിനുട്ടോളം ദൈർഘ്യമുള്ള കലാരൂപം ചിട്ടപ്പെടുത്തി അഭ്യസിപ്പിച്ചത് കുന്നോത്ത് പറമ്പിലെ ടി.പി.ചന്ദ്രൻ മാസ്റ്ററാണ്. ഒരു മാസത്തെ തീവ്ര പരിശീലനത്തിന് ശേഷമാണ് മടപ്പുര കലാഭവന്‍റെ നേതൃത്വത്തിലുള്ള കലാപ്രകടനം. രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ ലീഡർ കൂടിയായ അഭിയുക്ത പ്രമോദാണ് മണവാട്ടിയായി ചായമിട്ടത്. ജനുവരി പത്തൊമ്പത് മുതൽ ഇരുപത്തിയേഴ് വരെയാണ് ഉത്സവം.