08 January, 2020 05:09:59 PM


പണിമുടക്ക് ദിനത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം



കണ്ണൂർ: പണിമുടക്ക് ദിനത്തിൽ പുലർച്ചെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. കണ്ണൂർ നെടുംപോയിൽ പുത്തൻപുരയിൽ വീട്ടിൽ വൈശാഖിന്റെ ഭാര്യ അമൃത(25) ആണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.


ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ അമൃതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇടത്തൊട്ടിയിലെ വീട്ടിൽ നിന്ന് തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് വീട്ടുകാർ ഓട്ടോറിക്ഷയിൽ അമൃതയുമായി തിരിച്ചു. എന്നാൽ ഇടയാർ എത്തിയപ്പോൾ ആരോഗ്യനില മോശമായതിനാൽ അമൃതയുമായി മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായി. പണിമുടക്കായതിനാൽ മറ്റു വാഹനങ്ങൾ കിട്ടാതെ എന്ത് ചെയ്യണമെന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഫേസ്‌ബുക്കിൽ 108 ആംബുലൻസിൽ പ്രസവം നടന്നു എന്ന പോസ്റ്റ് വൈശാഖിന്റെ ഓർമയിൽ വന്നത്. ഉടൻ തന്നെ വൈശാഖ് 108 ആംബുലൻസിന്റെ സഹായം തേടി. 


കണ്ട്രോൾ റൂമിൽ നിന്ന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് ഉടൻ തന്നെ ഇടയാർ എത്തി. അമൃതയുടെ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഹണിമോൾ മാനുവൽ, അമൃതയെ ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ ആംബുലൻസ് ആശുപത്രിയിലേക്ക് തിരിച്ചു.


എന്നാൽ, ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് 5.10ന് ആംബുലൻസിനുള്ളിൽ വെച്ച് ഹണിയുടെ പരിചരണത്തിൽ അമൃത പ്രസവിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ധനേഷ് കൂത്തുപറമ്പ് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വൈശാഖ് അമൃത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K