05 April, 2016 03:28:40 PM
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 50% ഡിസ്കൗണ്ടോടെ ബ്യൂട്ടി പാര്‍ലര്‍
കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുന്നു. കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ടാണ് തടവുകാര്‍ക്ക് ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് പരിശീലനം നല്‍കിയത്.
സെന്‍ട്രല്‍ ജയിലിലേയ്‌ക്കുള്ള പ്രവേശനകവാടത്തിന് അടുത്തുള്ള 700 ചതുരശ്ര അടിയുള്ള ജനറേറ്റര്‍ മുറിയാണ് ബ്യൂട്ടിപാര്‍ലറിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
തടവുകാരായ 30 പേരാണ് ജയിലില്‍ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് കഴിഞ്ഞിട്ടുള്ളത്. ഇതില്‍ ആറുപേര്‍ തുടക്കത്തില്‍ ജോലിയ്‌ക്കായി പരിഗണിക്കും. തൊഴിലാളികള്‍ക്ക് പ്രത്യേകം യൂണിഫോമുകളും ഉണ്ടാകും.
ശീതീകരിച്ചും മറ്റ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയുമാണ് ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുന്നത്. മുടിവെട്ടല്‍, ഷേവിങ്, മുടി കറുപ്പിക്കല്‍, ത്രഡ് ചെയ്യല്‍ പുരുഷന്മാര്‍ക്കുള്ള വിവിധതരം ഫേഷ്യലുകള്‍ എന്നിങ്ങനെ സാധാരണ ബ്യൂട്ടിപാര്‍ലറുകളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെയും ലഭിക്കും. പുറത്തുള്ള ബ്യൂട്ടിപാര്‍ലറുകളെ അപേക്ഷിച്ച് ജയിലിലെ ബ്യൂട്ടിപാര്‍ലറില്‍ നിരക്ക് വളരെ കുറവാണ്.
ജയിലുകളില്‍ തടവുകാര്‍ ചപ്പാത്തിയും ചിക്കന്‍ കറിയും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും ഉണ്ടാക്കി വില്‍പ്പനയ്‌ക്ക് എത്തിക്കുന്നത് കേട്ടുപഴകിയിട്ടുള്ളതാണ്. ജയിലിലെ കൃഷിയും പേരുകേട്ടതു തന്നെ. എന്നാല്‍, ഇപ്പോഴിതാ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ നേതൃത്വത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 20 ന് മുന്‍പ് ബ്യൂട്ടിപാര്‍ലറിന്റെ ഉദ്‌ഘാടനം നടത്താനാണ് തീരുമാനം. 'ഫ്രീഡം ബ്യൂട്ടി പാര്‍ലര്‍' എന്ന പേരാണ് പാര്‍ലറിനുവേണ്ടി പരിഗണിച്ചിരിക്കുന്നതെന്നും ഇതുസംബന്ധിച്ച് പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.