02 January, 2020 01:39:41 PM
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 7 പേർക്ക് പരിക്ക്; ഫയർ ഫോഴ്സ് വാഹനം ഇടിച്ച് 2 വാഹനങ്ങൾ തകർന്നു
മുണ്ടക്കയം: കൊല്ലം-തേനി ദേശീയ പാതയിൽ കൊടുകുത്തിക്കു സമീപം ചാമപ്പാറ വളവിൽ തമിഴ്നാട്ടിൽ നിന്നെത്തിയ ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. രാവിലെ 8.30നാണ് സംഭവം. ചെന്നൈയിൽ നിന്നുള്ള അയ്യപ്പഭക്തരാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റ ചെന്നൈ സ്വദേശികളായ രാജേഷ് (35), പ്രജത് (15), ലളിത് (30), ദീപക് (26), ആർ. ശിവ (32), കാർത്തിക് (30), എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും സാരമായി പരിക്കേറ്റ അയ്യാദുരൈ (29), ഗണേശ് (30) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഇതിനിടെ കൊടുകുത്തിയിൽ അപകടത്തിൽപ്പെട്ട ശബരിമല തീർഥാടകരുടെ വാഹനം ഉയർത്താനെത്തിയ ഫയർഫോഴ്സ് വാഹനം പെരുവന്താനത്തിന് സമീപം കാറിലിടിച്ച് രണ്ട് വാഹനങ്ങൾ തകർന്നു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. അപകടങ്ങളെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു.