21 December, 2019 05:57:44 AM


തിരുട്ട് ഗ്രാമം ഇളകി: കവർച്ച അയ്യപ്പന്മാരെന്ന വ്യാജേനയും; ഒരാൾ അറസ്റ്റിൽ



ചെങ്ങന്നൂർ: അയ്യപ്പന്മാരെന്ന വ്യാജേന തമിഴ്നാട് തിരുട്ടുഗ്രാമത്തിൽ നിന്നെത്തി കവർച്ച നടത്തുന്ന സംഘത്തിലെ ഒരാളെ ചെങ്ങന്നൂർ പോലീസ് പിടികൂടി. തൃശിനാപ്പള്ളി സ്വദേശി വിജയ് ആണ് അറസ്റ്റിലയായത്. ഇയാളിൽനിന്ന് മോഷ്ടിച്ച വാച്ചുകളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന അഞ്ചംഗസംഘം കടന്നുകളഞ്ഞു.


ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വിജയ്‍യെ അറസ്റ്റു ചെയ്തത്. ആന്ധ്രാ പ്രദേശിൽ നിന്നും ശബരിമല ദർശനത്തിന് എത്തിയ 30 അംഗ തീർത്ഥാടകരിൽ 20000 രൂപാ വിലവരുന്ന 2സ്മാർട്ട് ഫോണുകളും,42000 രൂപയും, 12000 രൂപാ വിലവരുന്ന 2വാച്ചുകളുമാണ് മോഷ്ടിച്ചത്. 19ന് രാവിലെ 5 മണിയോടു കൂടിയായിരുന്നു ഇത്.


ഇതു സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭക്തർക്കായുള്ള റെയിൽവേയുടെ പിൽഗ്രിം സെൻററിൽ വിശ്രമിക്കുകയായിരുന്നു ആന്ധ്രയിൽ നിന്നെത്തിയ സംഘം. അവരുടെ കൂട്ടത്തിൽ സ്വാമിമാരുടെ വേഷവിധാനത്തോടെ ആറംഗ മോഷണസംഘവും കൂടി. അയ്യപ്പസംഘത്തിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചറിയുകയായിരുന്നു കള്ളന്മാർ. 19ന് പുലർച്ചെ 5 മണിയോടു കൂടി അയ്യപ്പഭക്തർ കുളിക്കുന്നതിനായി പോയ തക്കത്തിന് ഇവരുടെ പണവും മൊബൈലും മറ്റുമടങ്ങിയ ബാഗുമായി മോഷ്ടാക്കൾ കടന്നുകളഞ്ഞു. ഈ സമയം സി.സി.ടി.വി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടായിരുന്നു. അയ്യപ്പഭക്തർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസിന് ഇവരുടെ ഫോട്ടോയടക്കം അലർട്ട് മെസേജ് നൽകിയിരുന്നു. ഇതേതുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കറങ്ങിനടന്ന വിജയിയെ പോലീസ് വളഞ്ഞ് ഓടിച്ചിട്ട് പിടികൂടി. അറസ്റ്റു ചെയ്ത ഇയാളിൽ നിന്നും തൊണ്ടിമുതലുകൾ കണ്ടെടുത്തു.


കൂടെയുണ്ടായിരുന്ന ദാസൻ, വിജയൻ എന്നിവരുൾപ്പെടുന്ന 5 അംഗ സംഘം കായംകുളത്തു നിന്നും പുനലൂർ വഴി കടന്നു കളഞ്ഞതായി പ്രതി വിജയ് പറഞ്ഞു. തമിഴ്നാട്ടിലേക്ക് മുങ്ങിയ മോഷണസംഘത്തെ പിടികൂടുവാനായി ചെങ്ങന്നൂരിൽ നിന്നും പോലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചതായി പൊലീസ് പറഞ്ഞു. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ റെയിൽവേ സ്‌റ്റേഷൻ കേന്ദ്രമാക്കി തീർത്ഥാടനത്തിനെത്തിയ അയ്യപ്പഭക്തരുടെ പണവും മറ്റും സാമഗ്രികളും അപഹരിക്കുന്നതിന് പ്രത്യേക സംഘം തമിഴ്നാട്ടിൽ നിന്നുമെത്തി തമ്പടിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K